ബി.ജെ.പിയെ 'വിഷപ്പാമ്പ്' എന്ന് വിശേഷിപ്പിച്ച് ഉദയനിധി സ്റ്റാലിൻ
|സനാതന ധർമത്തിനെതിരായ ഉദയനിധിയുടെ പ്രസ്താവന ദേശീയതലത്തിൽ തന്നെ വലിയ വിവാദമായിരുന്നു.
ചെന്നൈ: ബി.ജെ.പിയെ വിഷപ്പാമ്പെന്ന് വിശേഷിപ്പിച്ച് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. നെയ്വേലിയിൽ ഡി.എം.കെ എം.എൽ.എ സഭാ രാജേന്ദ്രന്റെ വിവാഹ ചടങ്ങിലായിരുന്നു ഉദയനിധിയുടെ പരാമർശം. പ്രതിപക്ഷ കക്ഷിയായ എ.ഐ.എ.ഡി.എം.കെയെ പാമ്പുകൾ താവളമാക്കുന്ന മാലിന്യം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
''ഒരു വിഷപ്പാമ്പ് നിങ്ങളുടെ വീട്ടിലേക്ക് കടന്നാൽ, അതിനെ പുറത്തേക്ക് വലിച്ചെറിഞ്ഞാൽ മാത്രം പോര. കാരണം അത് നിങ്ങളുടെ വീടിനടുത്തുള്ള ചപ്പുചവറുകളിൽ ഒളിച്ചേക്കാം. നിങ്ങൾ സമീപത്തെ കുറ്റിച്ചെടികൾ ഒഴിവാക്കിയില്ലെങ്കിൽ പാമ്പ് നിങ്ങളുടെ വീട്ടിലേക്ക് തിരിച്ചുവരും. ഇതിനെ ഇപ്പോഴത്തെ സാഹചര്യവുമായി താരതമ്യപ്പെടുത്തിയാൽ, തമിഴ്നാട് നമ്മുടെ വീടാണ്, ബി.ജെ.പിയാണ് വിഷപ്പാമ്പ്, നമ്മുടെ വീടിനടുത്തുള്ള മാലിന്യമാണ് എ.ഐ.എ.ഡി.എം.കെ. മാലിന്യം നീക്കം ചെയ്തില്ലെങ്കിൽ വിഷപ്പാമ്പിനെ പുറത്താക്കാൻ നിങ്ങൾക്ക് കഴിയില്ല. ബി.ജെ.പി തുരത്താൻ എ.ഐ.എ.ഡി.എം.കെയെയും അകറ്റി നിർത്തണം''-ഉദയനിധി പറഞ്ഞു.
സനാതന ധർമത്തിനെതിരായ ഉദയനിധിയുടെ പ്രസ്താവന ദേശീയതലത്തിൽ തന്നെ വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ബി.ജെ.പിക്കെതിരെ രൂക്ഷ പരാമർശവുമായി അദ്ദേഹം വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. ഉദയനിധി ഹിന്ദുക്കളെ വംശഹത്യ നടത്താൻ ആഹ്വാനം ചെയ്തുവെന്നായിരുന്നു ബി.ജെ.പി ആരോപണം. കോൺഗ്രസ് മുക്ത ഭാരത് എന്ന് പ്രധാനമന്ത്രി പറയുന്നതിന്റെ അർഥം കോൺഗ്രസുകാരെ കൂട്ടക്കൊല നടത്തണം എന്നതാണോ എന്നായിരുന്നു ഉദയനിധിയുടെ ചോദ്യം.