ഉഡുപ്പി കൂട്ടക്കൊലപാതകം: കാരണം സഹപ്രവർത്തകയോടുള്ള അസൂയയും പകയുമെന്ന് പൊലീസ്
|പ്രതി മഹാരാഷ്ട്ര സ്വദേശിയായ പ്രവീൺ അരുൺ ഛൗഗലെയെ ചൊവ്വാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മംഗളൂരു: ഉഡുപ്പിയിൽ ഒരു കുടുംബത്തിലെ നാലുപേരെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നിൽ പ്രതിയുടെ വ്യക്തിവിരോധമെന്ന് പൊലീസ്. പ്രതി മഹാരാഷ്ട്ര സ്വദേശിയായ പ്രവീൺ അരുൺ ഛൗഗലെയെ ചൊവ്വാഴ്ചയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നെജാരുവിനടത്ത് കെമ്മണ്ണിലെ ഹമ്പൻകാട്ടിലാണ് പ്രവാസിയായ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന, മക്കളായ അഫ്‌സാൻ, ഐനാസ്, അസീം എന്നിവരാണ് കൊല്ലപ്പെട്ടത്.
മഹാരാഷ്ട്രയിൽ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഛൗഗലെ ഇപ്പോൾ എയർ ഇന്ത്യയിൽ കാബിൻ ക്രൂ ആയി ജോലി ചെയ്യുകയാണ്. വിവാഹിതനായ പ്രതിക്ക് രണ്ട് മക്കളുണ്ട്. ഇയാൾ കുടുംബസമേതം മംഗളൂരുവിലാണ് താമസിക്കുന്നത്. കൊല്ലപ്പെട്ട ഐനാസുമായി ഛൗഗലെ ജോലിയുടെ ഭാഗമായുള്ള യാത്രകളിലൂടെ അടുത്ത ബന്ധം പുലർത്തിയിരുന്നു. അമിതമായി പൊസസീവ് ചിന്താഗതിയുള്ള പ്രതിയുടെ അസൂയയും വിദ്വേഷവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് നൽകുന്ന സൂചന.
അഫ്‌നാനും ഉപരിപഠനത്തിനായി മംഗളൂരുവിലുള്ള സഹോദരി അയ്‌നാസും ദീപാവലി അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് കൊല്ലപ്പെട്ടത്. അയ്‌നാസ് ആണ് തങ്ങളുടെ വീടിന്റെ ലൊക്കേഷൻ ഛൗഗലെക്ക് നൽകിയത്. മൊബൈൽ ഫോൺ ലൊക്കേഷനും ഫോൺ രേഖകളും പരിശോധിച്ചാണ് പൊലീസ് പ്രതിയിലേക്കെത്തിയത്. കൊലപാതകം നടന്ന സമയത്ത് ഇയാളുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതും പൊലീസ് അന്വേഷണം ഇയാളിലേക്കെത്തിക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ദീപാവലി ആഘോഷിക്കാനായി ബെലഗാവിയിലെ കുടച്ചിയിൽ തന്റെ അമ്മാവന്റെ അടുത്തേക്കാണ് ഇയാൾ പോയത്. ആക്രമണത്തിൽ നൂർ മുഹമ്മദിന്റെ മാതാവ് ഹാജറക്ക് ഗുരുതര പരിക്കേറ്റിരുന്നു. ബാത്ത്‌റൂമിൽ കയറി വാതിലടച്ചാണ് അവർ രക്ഷപ്പെട്ടത്. പൊലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
പ്രതി എത്തിയ ഓട്ടോറിക്ഷാ ഡ്രൈവറാണ് പൊലീസിന് പ്രാഥമിക വിവരങ്ങൾ കൈമാറിയത്. മാസ്‌ക് ധരിച്ച ഒരാൾ സന്ദേകാട്ടെ സ്റ്റാൻഡിൽനിന്ന് കയറി കൊലപാതകം നടന്ന വീടിന് സമീപത്ത് ഇറങ്ങിയെന്നും 15 മിനിറ്റിനകം മടങ്ങിയെത്തി മറ്റൊരു ഓട്ടോയിൽ കയറിപ്പോയെന്നുമായിരുന്നു ഇയാളുടെ മൊഴി.