പുതിയ പരിഷ്കാരവുമായി യുജിസി; ഒരേസമയം രണ്ട് ബിരുദപഠനത്തിന് അനുമതി
|ഒരു ബിരുദ കോഴ്സിനൊപ്പം ഡിപ്ലോമ കോഴ്സും തെരഞ്ഞെടുക്കാനോ അല്ലെങ്കിൽ രണ്ട് ബിരുദ കോഴ്സുകളോ രണ്ട് ബിരുദാനന്തര ബിരുദ കോഴ്സുകളോ ഒരുമിച്ച് ചെയ്യാനും ഇനി വിദ്യാർഥികൾക്ക് സാധിക്കും.
ന്യൂഡൽഹി: വിദ്യാർഥികൾക്ക് ഒരേസമയം രണ്ട് ബിരുദപഠനത്തിന് അനുമതി നൽകാൻ യുജിസി തീരുമാനിച്ചു. ഓൺലൈനായും ഓഫ്ലൈനായും രണ്ട് ഡിഗ്രി, പി.ജി കോഴ്സുകൾ പഠിക്കാം. ഇത് സംബന്ധിച്ച മാർഗനിർദേശങ്ങൾ നാളെ യുജിസി വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
രാജ്യത്ത് എല്ലായിടത്തും പുതിയ മാർഗനിർദേശങ്ങൾ ബാധകമായിരിക്കും. ഒരു ബിരുദ കോഴ്സിനൊപ്പം ഡിപ്ലോമ കോഴ്സും തെരഞ്ഞെടുക്കാനോ അല്ലെങ്കിൽ രണ്ട് ബിരുദ കോഴ്സുകളോ രണ്ട് ബിരുദാനന്തര ബിരുദ കോഴ്സുകളോ ഒരുമിച്ച് ചെയ്യാനും വിദ്യാർഥികൾക്ക് സാധിക്കും. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന വിദ്യാർഥിക്ക് അതേസമയം തന്നെ ബിരുദ കോഴ്സിന് പഠിക്കാനും പുതിയ മാർഗനിർദേശം അനുസരിച്ച് സാധിക്കും.
''മാർച്ച് 31ന് ചേർന്ന കമ്മീഷൻ യോഗത്തിൽ ഒരേസമയം രണ്ട് അക്കാദമിക് പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്ന മാർഗനിർദേശങ്ങൾ പുറത്തിറക്കാൻ തീരുമാനിച്ചു. 2020ലെ ദേശീയ വിദ്യാഭ്യാസ നയം ഔപചാരികവും അനൗപചാരികവുമായ രീതിയിലുള്ള വഴികളൊരുക്കാൻ ആവശ്യപ്പെടുന്നുണ്ട്. ഫിസിക്കൽ മോഡലിന്റെയും ഓൺലൈൻ മോഡലിന്റെയും സംയോജനം ഒന്നിലധികം കഴിവുകൾ നേടാൻ വിദ്യാർഥികൾക്ക് സ്വാതന്ത്യം നൽകുന്നതാണ്''-യുജിസി ചെയർമാൻ മമിദാല ജഗദേഷ് കുമാർ പറഞ്ഞു.