ബിബിസി ഓഫീസുകളിലെ പരിശോധന ഇന്ത്യയ്ക്ക് മുന്നിൽ ഉന്നയിച്ച് ബ്രിട്ടൻ
|വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുളള ചർച്ചയിൽ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവർലി ആണ് വിഷയം ഉന്നയിച്ചത്
ഡല്‍ഹി: ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന ഇന്ത്യയ്ക്കു മുന്നില്‍ ഉന്നയിച്ച് ബ്രിട്ടൺ. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുളള ചർച്ചയിൽ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവർലി ആണ് വിഷയം ഉന്നയിച്ചത്.
ജയശങ്കറുമായി നടത്തിയ ചര്‍ച്ചയില്‍ ബിബിസിയിലെ റെയ്ഡ് ഉന്നയിച്ചെന്ന് ക്ലവര്‍ലിയാണ് അറിയിച്ചത്. ബുധനാഴ്ച നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് വിഷയം ഉന്നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജി20 വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനാണ് ബ്രിട്ടീഷ് വിദേശകാര്യമന്ത്രി ഇന്ത്യയിലെത്തിയത്. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്ഥാപനങ്ങളും രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിക്കണമെന്ന് ജയശങ്കര്‍ മറുപടി നല്‍കിയെന്നാണ് സൂചന.
'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' എന്ന ഡോക്യുമെന്‍ററിക്ക് പിന്നാലെയാണ് ബിബിസിയുടെ രണ്ട് ഓഫീസുകളില്‍ ഇന്‍കം ടാക്സ് റെയ്ഡ് നടത്തിയത്. നികുതി ക്രമക്കേട് സംബന്ധിച്ച് ലഭിച്ച പരാതിക്ക് പിന്നാലെയായിരുന്നു റെയ്ഡ്. പരിശോധന മൂന്നു ദിവസം നീണ്ടുനിന്നു. സർവേയാണ് നടത്തിയതെന്നാണ് ഇന്‍കം ടാക്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. അന്താരാഷ്ട്ര വിനിമയം, മാതൃകമ്പനിയും ഉപകമ്പനിയും തമ്മിലുള്ള ഇടപാടുകളിലെ നികുതി വെട്ടിപ്പ് തുടങ്ങിയവയാണ് പ്രധാനമായും പരിശോധിച്ചത്. നോട്ടീസ് നൽകിയിട്ടും ബിബിസിയുടെ ഭാഗത്തുനിന്ന് നിഷേധാത്മക സമീപനമുണ്ടായതാണ് പരിശോധനകൾക്ക് കാരണമെന്നാണ് ആദായ നികുതി വകുപ്പ് വിശദീകരിച്ചത്.
പിന്നാലെ ബി.ബി.സിക്ക് ശക്തമായ പിന്തുണയുമായി ബ്രിട്ടീഷ് സർക്കാർ രംഗത്തെത്തിയിരുന്നു- "ഞങ്ങൾ ബി.ബി.സിക്ക് ഒപ്പം നിലകൊള്ളുന്നു. ഞങ്ങൾ ബി.ബി.സിക്ക് ധനസഹായം നൽകുന്നുണ്ട്. ബി.ബി.സി വേൾഡ് സർവീസ് സുപ്രധാനമാണെന്ന് ഞങ്ങൾ കരുതുന്നു. ബി.ബി.സിക്ക് ആ എഡിറ്റോറിയൽ സ്വാതന്ത്ര്യം ലഭിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു" പാർലമെന്ററി അണ്ടർ സെക്രട്ടറി ഡേവിഡ് റൂട്ട്‌ലി പറഞ്ഞു.
ഭയമോ പക്ഷപാതമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് തുടരുമെന്ന് ബിബിസി ഡയറക്ടർ ജനറലും ചീഫ് എഡിറ്ററുമായ ടിം ഡേവി പ്രതികരിക്കുകയുണ്ടായി. ബിബിസിയുടെ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് അയച്ച ഇ മെയില്‍ സന്ദേശത്തിലാണ് ടിം ഡേവി ഇക്കാര്യം പറഞ്ഞത്.
ജീവനക്കാരുടെ ധൈര്യത്തിന് ടിം ഡേവി നന്ദി പറഞ്ഞു. ബിബിസിയെ സംബന്ധിച്ച് നിഷ്പക്ഷമായി റിപ്പോർട്ട് ചെയ്യുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം ഇ മെയിലില്‍ വ്യക്തമാക്കി- "ഭയമോ പക്ഷപാതമോ ഇല്ലാതെ റിപ്പോര്‍ട്ട് ചെയ്യാനുള്ള നമ്മുടെ കഴിവിനേക്കാള്‍ പ്രാധാന്യം മറ്റൊന്നിനുമില്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനത്തിലൂടെ വാര്‍ത്തകള്‍ എത്തിക്കുക എന്നതാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകരോടുള്ള നമ്മുടെ കടമ. ആ ചുമതലയിൽ നിന്ന് നമ്മള്‍ പിന്മാറുകയില്ല. ബിബിസിക്ക് പ്രത്യേകമായ ഒരു അജണ്ടയുമില്ലെന്ന് ഞാൻ വ്യക്തമായി പറയാൻ ആഗ്രഹിക്കുന്നു. നമ്മള്‍ ലക്ഷ്യത്താൽ നയിക്കപ്പെടുന്നു. ചുറ്റുമുള്ള ലോകത്തെ മനസ്സിലാക്കാന്‍ ആളുകളെ സഹായിക്കുന്നതിന് നിഷ്പക്ഷമായ വാർത്തകളും വിവരങ്ങളും നൽകുക എന്നതാണ് ലക്ഷ്യം".
Summary- British Foreign Minister James Cleverly raised the tax searches on the BBC with Foreign Minister S Jaishankar during a bilateral meeting today