ഓപ്പറേഷന്‍ ഗംഗ; കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്രം
|യുക്രൈനിൽ നിന്നും എത്തുന്നവർക്ക് ആർ.ടി.പി.സിആറോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമല്ല
അന്താരാഷ്ട്ര യാത്രികർക്ക് കോവിഡ് മാനദണ്ഡങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. യുക്രൈനിൽ നിന്ന് വിദ്യാർത്ഥികൾ തിരിച്ചെത്തുന്ന സാഹചര്യത്തിൽ ആണ് ഇളവുകൾ. യുക്രൈനിൽ നിന്നും എത്തുന്നവർക്ക് ആർ.ടി.പി.സിആറോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റോ നിർബന്ധമല്ല. പതിനാല് ദിവസം സ്വയം നിരീക്ഷണം മതിയാകും.
യുക്രൈനിൽ നിന്നുള്ള രക്ഷാപ്രവർത്തനമായ ഓപറേഷൻ ഗംഗ പുരോഗമിക്കുകയാണ്. ഇതുവരെ റുമേനിയ, ഹംഗറി രാജ്യങ്ങൾ വഴി 907 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. മോൾഡാവ വഴിയുള്ള രക്ഷാപ്രവർത്തനത്തിന് ഇന്ത്യയുടെ ശ്രമം തുടരുകയാണ്. പോളണ്ട് അതിർത്തിയിൽ ഇന്ത്യൻ എംബസി 10 ബസുകൾ ഏർപ്പെടുത്തി. പോളണ്ട് അതിർത്തി കടന്ന 153 ഇന്ത്യക്കാരിൽ 80 പേര്‍ മലയാളികളാണ്.
തെക്കൻ യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാർക്ക് മോൾഡാവ വഴി നാട്ടിലെത്താം എന്ന കണക്കു കൂട്ടലിലാണ് വിദേശകാര്യ മന്ത്രാലയം. വിദേശ കാര്യമന്ത്രി ജയശങ്കർ മോൾഡാവൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. പോളണ്ട് അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ കാര്യത്തിൽ അനിശ്ചിതത്വം നീങ്ങി തുടങ്ങി. 50 നഴ്സിങ് വിദ്യാർത്ഥികൾക്ക് പോളണ്ടിലേക്ക് പ്രവേശനം അനുവദിച്ചു. കൂടുതൽ പേര്‍ എത്തുന്നതനുസരിച്ചു പോളണ്ടിലേക്ക് വിമാനം അയക്കും. എയർ ഇന്ത്യയോടൊപ്പം ഇൻഡിഗോയും രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കും. റുമേനിയ, ഹംഗറി എന്നീ രാജ്യങ്ങൾ വഴി 907 പേരാണ് എത്തിയത്. സ്ലോവാക്യയിൽ കാലതാമസം നേരിടുന്നുണ്ട്. കിയവ് ഉൾപ്പെടെ മൂന്ന് നഗരങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയതിനാൽ പുറത്തിറങ്ങരുതെന്നും റെയിൽവേ സ്റ്റേഷനിലേക്ക് അടക്കം യാത്ര ഒഴിവാക്കണമെന്നും എംബസി അറിയിച്ചു.