India
ഭോപ്പാലില്‍ മദ്യശാല എറിഞ്ഞു തകര്‍ത്ത് ഉമാഭാരതി;  ഒരാഴ്ച്ചക്കുള്ളില്‍ അടച്ചു പൂട്ടണമെന്ന് താക്കീത്
India

ഭോപ്പാലില്‍ മദ്യശാല എറിഞ്ഞു തകര്‍ത്ത് ഉമാഭാരതി; ഒരാഴ്ച്ചക്കുള്ളില്‍ അടച്ചു പൂട്ടണമെന്ന് താക്കീത്

Web Desk
|
14 March 2022 2:14 PM GMT

മധ്യപ്രദേശിൽ ജനുവരിയോടെ സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കിയില്ലെങ്കിൽ വടിയെടുത്ത് തെരുവിലേക്കിറങ്ങുമെന്ന് ഉമാഭാരതി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു

ഭോപ്പാലില്‍ മദ്യവില്‍പ്പനശാല എറിഞ്ഞു തകര്‍ത്ത് മുന്‍കേന്ദ്രമന്ത്രി ഉമാഭാരതി. മധ്യപ്രദേശിന്‍റെ തലസ്ഥാനനഗരമായ ഭോപ്പാലില്‍ ഒരു മദ്യവില്‍പ്പനശാലയില്‍ അടുക്കി വച്ചിരിക്കുന്ന കുപ്പികളിലേക്ക് കല്ലെറിയുന്ന ഉമാഭാരതിയുടെ വീഡിയോ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ഭോപ്പാലിലെ ബര്‍ക്കേര പ്രവിശ്യയിലെ മദ്യവില്‍പ്പനശാലകള്‍ ഒരാഴ്ച്ചക്കിടെ അടച്ചു പൂട്ടണമെന്ന് അധികാരികള്‍ക്ക് താന്‍ താക്കീത് നല്‍കിയെന്ന് ഉമാഭാരതി പറഞ്ഞു.

"സാധാരണക്കാരായ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണിത്. ദിവസക്കൂലി മുഴുവൻ മദ്യപിച്ച് തീര്‍ക്കുകയാണിവര്‍. ഇവിടെയുള്ള സ്ത്രീകൾ ഈ മദ്യശാലകൾക്കെതിരെ വലിയപ്രതിഷേധങ്ങൽ നടത്തിയിരുന്നു. പ്രാദേശിക ഭരണകൂടം മദ്യശാലകൾ അടച്ചു പൂട്ടാമെന്ന് മുമ്പ് ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇതുവരെ അവ അടച്ചുപൂട്ടിയിട്ടില്ല. ഒരാഴ്ചക്കകം അവ അടച്ചുപൂട്ടണമെന്ന് ഞാൻ അധികാരികൾക്ക് താക്കീത് നൽകിയിട്ടുണ്ട്"- ഉമാഭാരതി പറഞ്ഞു.

മധ്യപ്രദേശിൽ ജനുവരിയോടെ സമ്പൂർണ മദ്യനിരോധനം നടപ്പിലാക്കുമെന്നും അല്ലെങ്കിൽ ഒരു വടിയെടുത്ത് തെരുവിലേക്കിറങ്ങുമെന്നും ഉമാഭാരതി കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. ഒരു ക്ഷേത്രവും സ്‌കൂളും ഒക്കെയുള്ള തെരുവിലാണ് മദ്യശാലകൾ പ്രവർത്തിക്കുന്നത് എന്നും വഴിയിലൂടെ നടന്നു പോകുന്ന സ്ത്രീകൾക്ക് നേരെ തിരിഞ്ഞ് മദ്യപാനികൾ സ്ഥിരമായി മൂത്രമൊഴിക്കാറുണ്ടെന്നും ഉമാഭാരതി ട്വീറ്റിൽ പറഞ്ഞു.


Related Tags :
Similar Posts