ഡൽഹി കലാപകേസിൽ ഉമർ ഖാലിദ്, ഖാലിദ് സെയ്ഫി എന്നിവരെ കുറ്റവിമുക്തരാക്കി
|മറ്റൊരു കേസിൽ UAPA ചുമത്തിയതിനാൽ ഉമർ ഖാലിദിന് ഉടൻ ജയിലിന് പുറത്തിറങ്ങാനാവില്ല
ഡല്‍ഹി: ഡൽഹി കലാപകേസിൽ ജെ.എൻ.യു വിദ്യാർഥി നേതാവായ ഉമർ ഖാലിദ്, ഖാലിദ് സെയ്ഫി എന്നിവരെ കുറ്റവിമുക്തരാക്കി. ഇരുവർക്കുമെതിരായ കുറ്റം നിലനിൽക്കില്ലെന്നു കോടതി. ഡൽഹി ഖജൂരി ഖാസ് പൊലീസ് സ്റ്റേഷനിൽ ഫയൽ ചെയ് കേസിലാണ് ഇരുവരെയും കുറ്റവിമുക്തരാക്കിയത്. കർക്കഡൂമ കോടതിയുടേതാണ് നടപടി. നിലവിൽ ജയിലുള്ള ഉമർ ഖാലിദിനെതിരെ മറ്റൊരു കേസിൽ UAPA ചുമത്തിയതിനാൽ ഉടൻ പുറത്തിറങ്ങാനാവില്ല.
2020ൽ അരങ്ങേറിയ ഡൽഹി കലാപത്തിന്റെ ഗൂഢാലോചനയിൽ ഉമറിന് പങ്കുണ്ടെന്നാരോപിച്ച് 2020 ഏപ്രിൽ 22ന് ഉമറിനെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തു. ഒന്നിലധികം ചോദ്യം ചെയ്യലുകൾക്ക് ശേഷം 2020 സെപ്റ്റംബർ 13ന് ഔദ്യോഗികമായി ഉമറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കലാപ ഗൂഢാലോചന കേസിൽ ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ, ഖാലിദിനെതിരെ രാജ്യദ്രോഹക്കുറ്റവും കൊലപാതക ശ്രമവും അടക്കം 18 വകുപ്പുകളാണ് ചുമത്തിയിരുന്നത്. 930 പേജുള്ള അനുബന്ധ കുറ്റപത്രത്തിൽ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടത്.