'പ്രധാനമന്ത്രിക്കെതിരെ അത്തരം വാക്കുകൾ പ്രയോഗിക്കുന്നത് എങ്ങനെ?'; ഉമർ ഖാലിദിനോട് ഡൽഹി ഹൈക്കോടതി
|ഇൻഖിലാബ് എന്ന വാക്ക് ഏതു സാഹചര്യത്തിലാണ് ഉമർ ഖാലിദ് പ്രയോഗിച്ചത് എന്നും കോടതി
ന്യൂഡൽഹി: രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ എങ്ങനെയാണ് 'അധിക്ഷേപ' വാക്കുകൾ ഉപയോഗിക്കുകയെന്ന് ഉമർ ഖാലിദിനോട് ഡൽഹി ഹൈക്കോടതി. 2020 ഫെബ്രുവരിയിൽ അമരാവതിയിൽ ഉമർ ഖാലിദ് നടത്തിയ പ്രസംഗത്തെ കുറിച്ചാണ് ജസ്റ്റിസ് സിദ്ധാർത്ഥ് മൃദുൽ, രജനീഷ് ഭട്നഗർ എന്നിവരടങ്ങുന്ന ബഞ്ചിന്റെ ചോദ്യം.
പ്രസംഗത്തിൽ നൻഗ (നഗ്നൻ) എന്ന വാക്കാണ് ഉമർ ഖാലിദ് പ്രയോഗിച്ചിരുന്നത്. 'എന്താണിത്? രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെ ഇത്തരം വാക്കുകൾ നിങ്ങൾ ഉപയോഗിക്കുന്നത് എങ്ങനെയാണ്. കുറച്ചു കൂടി നല്ല വാക്കുകൾ ഉപയോഗിക്കാമായിരുന്നു. പ്രധാനമന്ത്രിക്കെതിരെയാണ് അദ്ദേഹം പരാമർശം നടത്തിയിട്ടുള്ളത്.' - ബഞ്ച് പറഞ്ഞു.
വാക്കുകൾ ആലങ്കാരികമാണ് എന്നാണ് ഖാലിദിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ത്രിദീപ് വാദിച്ചത്. രാജ്യത്തിന്റെ യഥാർത്ഥവും പ്രായോഗികവുമായ പ്രശ്നങ്ങൾ മറച്ചുവയ്ക്കപ്പെടുമ്പോൾ ഉപയോഗിച്ച വാക്കുകളാണിത്. ഉപമ മാത്രമാണത്. അക്രമം ഉദ്ദേശിച്ചുള്ളതായിരുന്നില്ല- അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രസംഗത്തിൽ ഖാലിദ് ഗാന്ധിജിയെ ഉദ്ധരിച്ചിട്ടുണ്ടല്ലോ എന്നു ചൂണ്ടിക്കാട്ടിയ കോടതി ഗാന്ധി എപ്പോഴെങ്കിലും മോശം വാക്കുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്നും ചോദിച്ചു. പ്രസംഗത്തിൽ ഇൻഖിലാബ് എന്ന വാക്ക് ഏതു സാഹചര്യത്തിലാണ് ഉമർ ഖാലിദ് പ്രയോഗിച്ചത് എന്നും കോടതി അഭിഭാഷകനോട് ചോദിച്ചു. ഇൻഖിലാബിന്റെ അർത്ഥം വിപ്ലവമാണ് എന്നും ആ വാക്ക് ഉപയോഗിക്കുന്നത് കുറ്റകൃത്യമല്ല എന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
നേരത്തെ, പ്രധാനമന്ത്രിക്കെതിരെ ജുംല (വാചകമടി) എന്ന പദം ഉപയോഗിച്ചതിനെയും കോടതി വിമർശിച്ചിരുന്നു. വിമർശനത്തിന് ലക്ഷ്മണ രേഖ വേണമെന്നും ഡിവിഷൻ ബഞ്ച് അഭിപ്രായപ്പെട്ടിരുന്നു. കേസിൽ തിങ്കളാഴ്ച കോടതി വീണ്ടും വാദം കേൾക്കും.