India
Umesh Pal case, accused, Azad,  Ghulam,  Malaikottai Valiban, first look poster, Twitter
India

ഉമേഷ് പാൽ കേസിലെ പ്രതി ആസാദും ഗുലാമും കൊല്ലപ്പെട്ടു, 'മലൈക്കോട്ടൈ വാലിബന്‍' ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ എത്തും..; ട്വിറ്ററിനെ സജീവമാക്കിയ വാർത്തകള്‍

Web Desk
|
13 April 2023 4:39 PM GMT

വിദേശ നാണയ വിനിമയ നിയന്ത്രണ ചട്ടം (ഫെമ) ലംഘിച്ചെന്ന് ആരോപിച്ച് ബിബിസിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു

യുപിയിൽ വീണ്ടും ഏറ്റുമുട്ടൽ; ഉമേഷ് പാൽ കേസിലെ പ്രതി ആസാദും ഗുലാമും കൊല്ലപ്പെട്ടു

ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊല. അഭിഭാഷകനായ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആസാദും സഹായി ഗുലാമുമാണ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. സമാജ്‌വാദി പാർട്ടി മുൻ എം പിയായ അതീഖ് അഹമ്മദിന്റെ മകനാണ് കൊല്ലപ്പെട്ട ആസാദ്. ആസാദിനെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം നൽകുമെന്ന് പൊലീസ് പ്രഖ്യാപിച്ചിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് പല ആരോപണങ്ങളും ഉയരുന്നുണ്ട്. പ്രതിയെ പിടികൂടാനായിട്ടും പൊലീസ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ മാസമാണ് ഉമേഷ് പാൽ കൊല്ലപ്പെട്ടതും പൊലീസ് കേസ് അന്വേഷണം ആരംഭിച്ചതും. കേസിൽ അതീഖ് അഹമ്മദിനെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. 2005 ൽ സമാജ്‌വാദി പാർട്ടി നിയമസഭാംഗം രാജുപാൽ കൊല്ലപ്പെട്ട സംഭവത്തിലെ സാക്ഷിയായിരുന്നു രാജുപാൽ. ഇതിനാലാണ് ഇദ്ദേഹത്തെ കൊന്നതെന്നാണ് വിവരം.

സംഭവം വ്യാജ ഏറ്റുമുട്ടലാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. യഥാർത്ഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'മലൈക്കോട്ടൈ വാലിബന്‍' ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ എത്തും

മലയാള സിനിമാ ആസ്വാദകരും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'മലൈക്കോട്ടൈ വാലിബന്‍'. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ഇപ്പോഴിതാ ചിത്രത്തിന്റ ഫസ്റ്റ് ലുക്ക് സംബന്ധിച്ച് വിവരം പങ്കുവയ്ക്കുകയാണ് മോഹൻലാൽ.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നാളെ റിലീസ് ചെയ്യുമെന്നാണ് മോഹൻലാൽ അറിയിച്ചിരിക്കുന്നത്. നാളെ വൈകുന്നേരം 5 മണിക്ക് പോസ്റ്റർ പുറത്തുവരും. 'ലിജോ സൃഷ്ടിച്ച ലോകത്തിലേക്ക് ഒരു ഒളിഞ്ഞുനോട്ടം നടത്താൻ തയ്യാറാകൂ', എന്നാണ് പുതിയ അപ്ഡറ്റ് പങ്കുവച്ച് മോഹൻലാൽ കുറിച്ചത്. ഫസ്റ്റ് ലുക്ക് 14ന് എത്തുമെന്ന് നേരത്തെ താരം അറിയിച്ചിരുന്നു.

കെ.ജി.എഫ് ചാപ്റ്റർ 2 റിലീസ് ചെയ്തിട്ട് ഒരു വർഷം

യാഷ് നായകനായ പാൻ ഇന്ത്യൻ ചിത്രം കെ.ജി.എഫ് ചാപ്റ്റർ 2 റിലീസ് ചെയ്തിട്ട് ഒരു വർഷം. ചിത്രത്തിന്‍റെ ഒന്നാം വാർഷികാഘോഷത്തിന്‍റെ ആവേശത്തിലാണ് ആരാധകർ. യാഷിനെയും അണിയറ പ്രവർത്തകരേയും പ്രശംസിച്ചുകൊണ്ട് ആരാധക പ്രവാഹമാണ് ട്വിറ്ററിൽ.

കോലാർ സ്വർണഖനിയുടെ പശ്ചാത്തലത്തിലാണ് സിനമ കഥ പറയുന്നത്. കെ.ജി.എഫ് ചാപ്റ്റർ 2 ആയിരം കോടി കടന്നിരുന്നു. യാഷിനെ കൂടാതെ സഞ്ജയ് ദത്ത്, രവീണ ടണ്ഠൻ, ശ്രീനിഥി ഷെട്ടി, പ്രകാശ് രാജ് എന്നിവരും കെ.ജി.എഫ് ചാപ്റ്റർ 2 ൽ അഭിനയിച്ചിട്ടുണ്ട്. കെ.ജി.ഫ് ചാപ്റ്റർ 2 കന്നഡയ്‌ക്കൊപ്പം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രദർശനത്തിനെത്തിയിരുന്നു. ഉജ്വൽ കുൽക്കർണിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഭുവൻ ഗൗഡയും സംഗീതം രവി ബസ്റൂറുമാണ് നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തിച്ചത്

ബിബിസിക്കെതിരെ കേസ്

ബിബിസിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. വിദേശ നാണയ വിനിമയ നിയന്ത്രണ ചട്ടം (ഫെമ) ലംഘിച്ചെന്ന് ആരോപിച്ചാണ് കേസെടുത്തത്. ബിബിസിയിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥരോട് ഹാജരാകാൻ ആവശ്യപ്പെട്ടെന്നാണ് വിവരം.

ബിബിസിയുടെ മുംബൈ, ഡല്‍ഹി ഓഫീസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. മൂന്നു ദിവസം നീണ്ട റെയ്ഡാണ് നടത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ ലാപ്ടോപ്പുകള്‍ ഉള്‍പ്പെടെ വിശദമായി പരിശോധിച്ചു. റെയ്ഡല്ല, ബിബിസി ഇന്ത്യയുടെ 2012 മുതലുള്ള സാമ്പത്തിക രേഖകളുടെ സർവേയാണ് നടന്നതെന്നാണ് അന്ന് ആദായ നികുതി വകുപ്പ് അറിയിച്ചത്.

ബിബിസി നികുതിയുടെ കാര്യത്തില്‍ രാജ്യത്തെ നിയമങ്ങള്‍ പാലിക്കുന്നില്ലെന്നും ലാഭവിഹിതം രാജ്യത്തു നിന്ന് കൊണ്ടുപോകുന്ന കാര്യത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നുമാണ് ആദായ നികുതി വകുപ്പിന്‍റെ ആരോപണം. ബിബിസി ഓഫിസുകളിൽനിന്നു കണ്ടെത്തിയ വരുമാന– ലാഭ കണക്കുകൾ അവരുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളും തമ്മിൽ യോജിക്കുന്നില്ല, ബിബിസി ഗ്രൂപ്പിന്റെ വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചില പണമിടപാടുകൾക്ക് നികുതി കൃത്യമായ അടച്ചിട്ടില്ല, ഇന്ത്യയിലെ പ്രവർത്തനങ്ങളിൽനിന്ന് ലഭിച്ച വരുമാനം വിദേശത്തേക്ക് വകമാറ്റി തുടങ്ങിയവയാണ് ആദായനികുതി വകുപ്പിന്‍റെ മറ്റ് ആരോപണങ്ങള്‍.

2002ലെ ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്ററി 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യന്‍' പുറത്തുവന്നതിനു പിന്നാലെ നടന്ന റെയ്ഡിനെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഡോക്യുമെന്‍ററിക്ക് സമൂഹ മാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.

പ്രതിപക്ഷ സഖ്യത്തിന്റെ നേതൃസ്ഥാനത്തേക്ക് നിർണായക നീക്കവുമായി നിതീഷ് കുമാർ

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിരുദ്ധ പ്രതിപക്ഷ സഖ്യത്തിന്റെ ഏകീകരണത്തിനായി നിർണായക നീക്കങ്ങളുമായി ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി(യു) അധ്യക്ഷനുമായ നിതീഷ് കുമാർ രംഗത്ത്. അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റി അന്വേഷണം അടക്കമുള്ള വിഷയങ്ങളിൽ എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ നടത്തിയ അഭിപ്രായപ്രകടനങ്ങൾ പ്രതിപക്ഷത്ത് വിള്ളലുണ്ടാക്കിയ സാഹചര്യത്തിലാണ് അപ്രതീക്ഷിത ഇടപെടലുമായി നിതീഷ് രംഗത്തെത്തിയത്. ഇന്നലെ ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിലെത്തിയ അദ്ദേഹം രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളുമായി ചർച്ച നടത്തിയിരുന്നു.

കോൺഗ്രസിനോടും ബി.ജെ.പിയോടും തുല്യ അകലം പാലിക്കുകയെന്ന നിലപാട് സ്വീകരിച്ച പ്രാദേശിക പാർട്ടികളെ പ്രതിപക്ഷ സഖ്യത്തിലെത്തിക്കാനുള്ള ദൗത്യം നിതീഷ് കുമാർ ഏറ്റെടുത്തിട്ടുണ്ട്. ഉദ്ധവ് താക്കറെയുടെ ശിവസേന, ശരദ് പവാറിന്റെ എൻ.സി.പി, ജാർഖണ്ഡ് മുക്തി മോർച്ച എന്നീ പാർട്ടികളുമായി കോൺഗ്രസ് തന്നെ ചർച്ച നടത്തും.

പുതിയ ദൗത്യത്തിന്റെ ഭാഗമായി ഇന്നലെ രാത്രി തന്നെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി നിതീഷ് കുമാർ ചർച്ച നടത്തി. താൻ പൂർണമായും നിതീഷിനൊപ്പമാണെന്നും ബി.ജെ.പിയെ അധികാരത്തിൽനിന്ന് താഴെയിറക്കാൻ പ്രതിപക്ഷ പാർട്ടികളും രാജ്യവും ഒരുമിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്ന് കെജരിവാൾ പറഞ്ഞു.

കോൺഗ്രസുമായി സഖ്യത്തിന് താൽപര്യമില്ലെന്ന് അറിയിച്ച മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്, ചന്ദ്രശേഖർ റാവുവിന്റെ ഭാരത് രാഷ്ട്ര സമിതി എന്നീ പാർട്ടികളുമായി നിതീഷ് കുമാർ ചർച്ച നടത്തും. പുതിയ സഖ്യ ചർച്ചകളെ നിതീഷ് ഫോർമുല എന്നാണ് ജെ.ഡി (യു) നേതൃത്വം വിശേഷിപ്പിക്കുന്നത്.

'ലിയോ'ൽ ജോജു ഇല്ല; പ്രചരിക്കുന്നത് വ്യാജ വാർത്ത

ലോകേഷ് കനകരാജും വിജയ്‍യും ഒന്നിക്കുന്ന 'ലിയോ' എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ചിത്രത്തെക്കുറിച്ചുള്ള വാർത്തകള്‍ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഏറ്റവും അവസാനം ചിത്രവുമായി ബന്ധപ്പെട്ട് പ്രചരിച്ച വാർത്തയാണ് നടൻ ജോജു ജോർജ്ജ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്നുള്ളത്. നിമിഷ നേരം കൊണ്ട് ആരാധകർ ഏറ്റെടുത്ത ഈ വാർത്ത വ്യാജമാണെന്ന് ജോജു ജോർജ്ജുമായി ബന്ധപ്പെട്ട അടുത്ത വ്യത്തങ്ങള്‍ അറിയിച്ചു. തമിഴ് മാധ്യമങ്ങളിലടക്കം ഈ വാർത്ത വലിയ രീതിയിൽ പ്രചരിച്ചതിന് പിന്നാലെയാണ് സ്ഥിരീകരണം

വിജയ്‍യും തൃഷയും 14 വര്‍ഷത്തിനു ശേഷം ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണ് ലിയോ. സഞ്ജയ് ദത്ത്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍ എന്നിവര്‍ ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. മലയാളിയായ മാത്യു തോമസും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മാത്യുവിന്‍റെ ആദ്യ തമിഴ് ചിത്രമാണ് ലിയോ. കമല്‍ഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം കൂടിയാണ് ലിയോ. മാസ്റ്ററിന് ശേഷം വിജയ്‌യും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

'ധോണി ക്രീസിലുണ്ടെങ്കിൽ ഒരു ഡാറ്റ കൊണ്ടും കാര്യമില്ല'; ത്രില്ലർ പോരിനുശേഷം സഞ്ജു സാംസൺ

മത്സരശേഷം ധോണിക്കെതിരെ നടത്തിയ മുന്നൊരുക്കങ്ങളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ. ധോണി ക്രീസിലുണ്ടെങ്കിൽ ഒരു പ്ലാനുകൊണ്ടും കാര്യമില്ലെന്നായിരുന്നു സഞ്ജു സാംസൺ പ്രതികരിച്ചത്. ധോണിക്കെതിരെ ഒരു ഡാറ്റയും ഫലപ്രദമാകില്ലെന്നും താരം വ്യക്തമാക്കി. അവസാന രണ്ട് ഓവറുകളിൽ മത്സരം വരുതിയിലാണെന്ന തോന്നലുണ്ടായിരുന്നോ എന്ന സഞ്ജയ് മഞ്ജരേക്കറുടെ ചോദ്യത്തോടുള്ള സഞ്ജുവിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:

'ഇല്ല. ക്രീസിൽ അയാൾ(ധോണി) ഉണ്ടാകുമ്പോൾ ഒരിക്കലുമുണ്ടാകില്ല. അദ്ദേഹത്തിന് എന്ത് ചെയ്യാനാകുമെന്ന് നമ്മൾക്ക് അറിയാം. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ബഹുമാനിക്കേണ്ടതുണ്ട്. എല്ലാവരും മത്സരത്തിന്റെ ഭാഗമായിരുന്നു. അവസാന പന്തുവരെ കളി തീർന്നിട്ടുണ്ടായിരുന്നില്ല.'

ടീമിന്റെ ഡാറ്റാ വിഭാഗത്തിനൊപ്പം ഇരുന്ന് ഒരുപാട് ആസൂത്രണങ്ങളും ഗവേഷണങ്ങളും നടത്തുന്നുണ്ട് ഞാൻ. എന്നാൽ ആര്, ഏത് സമയത്ത് ബൗൾ ചെയ്യണമെന്നതടക്കം ഒരുപാട് തീരുമാനങ്ങൾ ഗ്രൗണ്ടിൽ എടുക്കേണ്ടിവരും. ഞാൻ ആകെ രണ്ട് പന്താണ് കളിച്ചത്. എന്നാൽ, സെഞ്ച്വറി നേടിയപോലെ ശരിക്കും ക്ഷീണിച്ചുപോയിരുന്നു. ഒരുപാട് ആലോചനകൾ നടന്നുകൊണ്ടിരിക്കുന്നുണ്ട്-സഞ്ജു പറഞ്ഞു.

ധോണിയെ തടയാൻ എന്തെങ്കിലും ഡാറ്റ ടീമിന്റെ കൈയിലുണ്ടായിരന്നോ എന്നായി മഞ്ജരേക്കറുടെ ചോദ്യം. എന്നാൽ, അയാൾ ക്രീസിലുണ്ടാകുമ്പോൾ എന്തു ഡാറ്റ എന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ധോണിക്കെതിരെ ഒരു ഡാറ്റയും ഫലിക്കില്ലെന്നും താരം കൂട്ടിച്ചേർത്തു.

ധോണിക്ക് പരിക്ക്, അടുത്ത മത്സരങ്ങളിൽ തല ഉണ്ടാവില്ലേ..? ആരാധകർ നിരാശയിൽ

രാജസ്ഥാനെതിരെ കഴിഞ്ഞദിവസം നടന്ന മത്സരത്തിൽ ഒരുസമയം ചെന്നെയിയെ നായകൻ എം എസ് ധോണി വിജയത്തിലെത്തിക്കുമെന്ന് വരെ ആരാധകർ കരുതിയിരുന്നു. അവസാനം വരെ പുറത്താവാതെ നിന്ന തലക്ക് അവസാന ബോളിൽ ജയിക്കാൻ വേണ്ടിയിരുന്ന അഞ്ച് റൺസ് നേടാനാകാതെ വന്നപ്പോഴാണ് രാജസ്ഥാൻ മൂന്ന് റൺസിന്റെ ജയം സ്വന്തമാക്കിയത്. കളിയുടെ തോൽവിയേക്കാളുമപ്പുറം ചെന്നൈ ആരാധകരെ കൂടുതൽ നിരാശരാക്കിയത് ആ വാർത്തയായിരുന്നു. മത്സരശേഷം ധോണിക്ക് പരിക്കാണെന്ന് കോച്ച് ഫ്‌ളെമിങ് വാർത്തസമ്മേളനത്തിൽ പറഞ്ഞതായിരുന്നു അത്.

തന്റെ ട്രേഡ് മാർക്ക് സിക്‌സറുകളും രാജസ്ഥാനെതിരെ പായിച്ച ധോണി റണ്ണിനുവേണ്ടി ഓടുന്നതിൽ പ്രായാസപ്പെടുന്നുണ്ടായിരുന്നു. അതിവേഗത്തിൽ ഡബിൾ ഓടിയെടുക്കാറുള്ള ധോണി പതിവിൽ നിന്ന് വ്യത്യസ്തമായി സിംഗിളുകളിൽ അവസാനിപ്പിക്കുകയായിരുന്നു. മറ്റൊരു അതിവേഗ ഓട്ടക്കാരനായ രവീന്ദ്ര ജഡേജ കൂടെയുണ്ടായിട്ടും ധോണിക്ക് സിംഗിളുകൾ ഡബിളുകളാക്കി മാറ്റാനായില്ല. ഇതിന് കാരണം അദ്ദേഹത്തിന്റെ കാൽമുട്ടിനുള്ള പരിക്കാണെന്ന് ഫ്‌ളെമിങ് പറഞ്ഞു

'അദ്ദേഹത്തിന് കാൽമുട്ടിന് പരിക്കുണ്ട്, അത് കഴിഞ്ഞ കളിയിലെ അദ്ദേഹത്തെ സൂക്ഷമമായി നോക്കിയവർക്ക് മനസ്സിലായിട്ടുണ്ടാവും. ടൂർണമെന്റ് ആരംഭിക്കുന്നതിന് ഒരുമാസം മുൻപാണ് അദ്ദേഹം ടീമിനൊപ്പം ജോയിൻ ചെയ്യുന്നത്. അദ്ദേഹം മികച്ച കളിക്കാരനാണ്, കളത്തിൽ അദ്ദേഹം അത്ഭുതമാണ്- ഫളെമിങ് പറഞ്ഞു

Similar Posts