'നിരുപാധികം മാപ്പ്'; കോടതി വിമർശനത്തിന് പിന്നാലെ പത്രങ്ങളിൽ വീണ്ടും മാപ്പപേക്ഷയുമായി പതഞ്ജലി
|കഴിഞ്ഞദിവസം നൽകിയ പരസ്യത്തിന് വേണ്ടത്ര വലിപ്പമില്ലെന്ന് കോടതി വിമർശിച്ചിരുന്നു
ഡൽഹി: തെറ്റിദ്ധരിപിക്കുന്ന പരസ്യം നൽകിയതിന് കോടതിയുടെ വിമർശനം ഏറ്റുവാങ്ങിയതിന് പിന്നാലെ രണ്ടാമതും പത്രങ്ങളിൽ പരസ്യം നൽകി പതഞ്ജലി. ആദ്യം നൽകിയ പരസ്യത്തിന് വലിപ്പം കുറവാണെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. അത്രയും വലിപ്പമുള്ള പരസ്യങ്ങൾക്ക് 10 ലക്ഷത്തിൽ കൂടുതൽ രൂപ ചിലവ് വരുമെന്ന് പതഞ്ജലിയുടെ അഭിഭാഷകൻ മുകൾ റോഹ്ത്തി കോടതിയെ അറിയിച്ചിരുന്നു. എന്നാൽ തെറ്റായ പരസ്യം നൽകുന്നതിന് ഭീമമായ തുക ചിലവാക്കാമെങ്കിൽ ഇതിലും അത് പാലിക്കണമെന്ന് കോടതി പറഞ്ഞു. ഇതിനു പിന്നാലെയാണ് പുതിയ പരസ്യം നൽകിയത്.
ഇന്ന് പ്രസിദ്ധീകരിച്ച ദേശീയ പത്രങ്ങളിലാണ് ബാബ രാം ദേവ്, ആചാര്യ ബാലകൃഷ്ണ എന്നിവർ മാപ്പ് പറഞ്ഞ് പരസ്യം പ്രസിദ്ധീകരിച്ചത്. തെറ്റായ വിവരങ്ങൾ നൽകിയതിന് നിരുപാധികം മാപ്പ് അപേക്ഷിക്കുന്നു. ഇനിയൊരിക്കലും ഇത്തരം തെറ്റ് ആവർത്തിക്കില്ല എന്നാണ് പരസ്യത്തിലുള്ളത്.
പതഞ്ജലിയുടെ കോടതിയലക്ഷ്യക്കേസിൽ ബാബ രാംദേവിന്റെ മാപ്പപേക്ഷ സുപ്രിംകോടതി പലതവണ നിരസിച്ചിരുന്നു. പതഞ്ജലി മനഃപൂർവം കോടതിയലക്ഷ്യം നടത്തിയെന്ന് കോടതി വ്യക്തമാക്കി. ഒരു കാരുണ്യവും പ്രതീക്ഷിക്കേണ്ടെന്ന് ജസ്റ്റിസ് ബി.വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് മുന്നറിയിപ്പ് നൽകയതുമാണ്. അതേസമയം, പതഞ്ജലിയുടെ കാര്യത്തിൽ ഉത്തരാഖണ്ഡ് സർക്കാർ മനഃപൂർവമായ വീഴ്ച വരുത്തിയെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.