രാമനവമിക്കിടെ നടുറോഡിൽ യൂണിഫോമിൽ പൊലീസുകാരുടെ ഡാൻസ്; സമൂഹ മാധ്യമങ്ങളിൽ വിമർശനം
|യൂണിഫോമിൽ ഡാൻസ് കളിക്കുന്ന ഒരു കൂട്ടം പൊലീസുകാരടക്കമുള്ളവരുടെ വീഡിയോ ട്വിറ്ററിലടക്കം പ്രചരിക്കുകയാണ്
രാമനവമി ആഘോഷങ്ങൾക്കിടയിൽ സുരക്ഷയൊരുക്കേണ്ട പൊലീസടക്കമുള്ള ഉദ്യോഗസ്ഥർ നടുറോഡിൽ നൃത്തമാടി. യൂണിഫോമിൽ ഡാൻസ് കളിക്കുന്ന ഒരു കൂട്ടം പൊലീസുകാരടക്കമുള്ളവരുടെ വീഡിയോ ട്വിറ്ററിലടക്കം പ്രചരിക്കുകയാണ്. രമൺദീപ് സിംഗ് മൻ എന്ന വ്യക്തിയുടെ അക്കൗണ്ടിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ഉപ്പ്‌സാലാ സർവകലാശാല പ്രഫസർ അശോക് സൈ്വൻ അടക്കമുള്ളവർ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 'മതേതര രാജ്യത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ നടുറോഡിൽ ഭൂരിപക്ഷത്തിന്റെ പാട്ടിനൊപ്പം ഡാൻസ് കളിക്കുന്നു' എന്ന കുറിപ്പോടെയാണ് ഇദ്ദേഹം വീഡിയോ ട്വീറ്റ് ചെയ്തത്.
'സുരക്ഷ ഉദ്യോഗസ്ഥർക്ക് ഏത് മതം ആചരിക്കാനും അവകാശമുണ്ട്, അവർ നൃത്തമാടുകയും ഏത് പാട്ട് പാടുകയും ചെയ്യാം. ഏത് മത ആചാരത്തിലും പങ്കെടുക്കാം. പക്ഷേ പൊലീസ് -സൈനിക യൂണിഫോമിൽ മതപരമായ കാര്യങ്ങളിൽ ഏർപ്പെടുന്നത് ഭീതികരമായ സന്ദേശമാണ് നൽകുന്നത്' രമൺദീപ് സിംഗ് മൻ വീഡിയോക്കൊപ്പം കുറിച്ചു.
വീഡിയോക്ക് താഴെ പലരും ഈ അഭിപ്രായമാണ് പങ്കുവെച്ചത്. ഇവർക്ക് ഉചിതമായ നടപടികൾ വാങ്ങിക്കൊടുക്കണമെന്നും ചിലർ കുറിച്ചു. പൊലീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി. എന്നാൽ ചില ഹിന്ദുത്വ പ്രൊഫൈലുകൾ ഇതിനെ അനുകൂലിച്ച് രംഗത്ത് വന്നു.
രാജ്യത്തുടനീളം രാമനവമി ആഘോഷത്തോട് അനുബന്ധിച്ച് നിരവധി ആക്രമണങ്ങളാണ് നടന്നത്. പല മസ്ജിദുകളും മുസ്‌ലിം സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടിരുന്നു. ഇവിടങ്ങളിൽ പൊലീസ് കൃത്യമായി ഇടപെട്ടില്ലെന്ന് ആരോപണം ഉയർന്നിരുന്നു.
രാമനവമി ആഘോഷത്തിനിടെ പൊലീസ് തന്നോട് ചെയ്ത അതിക്രമങ്ങൾ ഗുജറാത്ത് വഡോദര സ്വദേശിനി അസ്മാ ബാനു മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 'നോമ്പ്തുറക്കുന്നതിനിടെ പൊലീസ് എന്റെ വീടിന്റെ വാതിൽ ചവിട്ട് തുറന്നു. എന്റെ വസ്ത്രങ്ങൾ കീറി, ഭർത്താവിനെയും എന്നെ അടിക്കുകയും എന്റെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഒരു വനിതാ പൊലീസുകാരി പോലും അവരുടെ കൂടെയുണ്ടായിരുന്നില്ല' മീർഫൈസൽ ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ അസ്മാ ബാനു കുറ്റപ്പെടുത്തി.
ബിഹാറിലെ നളന്ദ ജില്ലയിലെ ബിഹാർ ഷെരീഫ് പട്ടണത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മദ്രസ അസീസിയ, മാർച്ച് 31 ന് രാമനവമി ദിനത്തോടനുബന്ധിച്ച് നടന്ന റാലിയിൽ ഹിന്ദുത്വർ കത്തിച്ചിരുന്നു. സംഭവത്തിൽ പ്രായപൂർത്തിയാകാത്തവരും യുവാക്കളുമായ നിരവധി മുസ്‌ലിംകളെ ഏകപക്ഷീയമായി അറസ്റ്റ് ചെയ്തതായി ആരോപിക്കപ്പെടുന്നുണ്ട്.
Uniformed policemen dance on roads during Ramnavami, criticism on social media