കർഷക സമരത്തിനിടെ മരിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ ഇല്ലെന്ന് കേന്ദ്രകൃഷി മന്ത്രി
|നഷ്ട പരിഹാരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രസക്തിയില്ലെന്നും കേന്ദ്രം മറുപടി നൽകി
രാജ്യത്ത് കർഷക സമരത്തിനിടെ മരിച്ച കർഷകരെ കുറിച്ചുള്ള വിവരങ്ങൾ ഇല്ലെന്ന് കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമർ. ലോക്‌സഭയിൽ കേരളത്തിലെ എം.പിമാരുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് കൃഷിമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഒരു വർഷത്തെ കർഷക സമരത്തിനിടെ മരിച്ച കർഷകരുടെ വിവരങ്ങൾ, മരിച്ച കർഷകരുടെ കുടുംബത്തിന് സഹായധനം നൽകാൻ നിർദ്ദേശമുണ്ടോ തുടങ്ങിയ ചോദ്യങ്ങൾക്കാണ് അറിയില്ലെന്ന മറുപടി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ നൽകിയിരിക്കുന്നത്. നഷ്ട പരിഹാരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രസക്തിയില്ലെന്നും കേന്ദ്രം മറുപടി നൽകി. കർഷക സമരം അവസാനിപ്പിക്കണമെങ്കിൽ മരിച്ച കർഷകർക്ക് ധനസഹായം നൽകണമെന്നുള്ള ആറ് ആവശ്യങ്ങൾ ഉയർത്തി സംയുക്ത കിസാൻ മോർച്ച പ്രധാനമന്ത്രിയ്ക്ക് കത്ത് അയച്ചതിന് പിന്നാലെയാണ് കൃഷി മന്ത്രി ഈ മറുപടിയെന്നതും ശ്രദ്ധേയമാണ്.
സംയുക്ത കിസാൻ മോർച്ചയെ ഒഴിവാക്കി കേന്ദ്ര സർക്കാർ ഒരോ സംഘടനകളുമായി സമവായ ചർച്ചയ്ക്ക് ശ്രമിക്കുന്നത് കർഷക സംഘടനകൾക്കിടയിൽ വിള്ളൽ വീഴ്ത്താനാണെന്ന് ആരോപണം ഉയരുന്നുണ്ട്. ഹരിയാന പഞ്ചാബ് സംസ്ഥാനങ്ങളിലെ കർഷക സംഘടനകളുമായി കേന്ദ്രം ചർച്ച നടത്തുന്നുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. താങ്ങുവില നിർണ്ണയ സമിതിയിലേക്ക് പ്രതിനിധികളെ നിർദ്ദേശിക്കാൻ കേന്ദ്രസർക്കാരിൽ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സംയുക്ത കിസാൻ സഭ അറിയിച്ചിട്ടുണ്ട്.