India
കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി; നിർമല സീതാരാമന്റെ ആറാം ബജറ്റ്
India

കേന്ദ്ര ബജറ്റ് അവതരണം തുടങ്ങി; നിർമല സീതാരാമന്റെ ആറാം ബജറ്റ്

Web Desk
|
1 Feb 2024 5:28 AM GMT

ബജറ്റിന് മുന്നോടിയായി ധനമന്ത്രി രാഷ്ട്രപതി ​​ദ്രൗപതി മുർമുവിനെ സന്ദർശിച്ചിരുന്നു

ന്യൂഡൽഹി: രണ്ടാം മോദി സർക്കാറിന്റെ അവസാന ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കാൻ തുടങ്ങി. വ്യാഴാഴ്ച രാവിലെ 11നാണ് ബജറ്റ് അവതരണം തുടങ്ങിയത്.

ഇന്ത്യൻ സമ്പദ് വ്യവസ്ഥ കഴിഞ്ഞ 10 വർഷങ്ങളിൽ ശക്തമായ വളർച്ച കൈവരിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു. എല്ലാവരുടെയും പ്രയത്നത്തിൻ്റെ ഫലമായി രാജ്യം നൂറ്റാണ്ടിലെ മഹാമാരിയെ അതിജീവിച്ച് വികസിത ഭാരതത്തിന് തുടക്കം കുറിച്ചു.

80 കോടി ആളുകൾക്ക് സൗജന്യ ഭക്ഷ്യധാന്യം നൽകി. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ച് സാമൂഹ്യ നീതി നടപ്പാക്കി. വികസിത ഭാരതം എന്നത് പ്രഖ്യാപിത ലക്ഷ്യമാണ്. അഴിമതി കുറയ്ക്കാൻ സാധിച്ചു. സ്വജനപക്ഷപാതവും കുടുംബാധിപത്യവും കുറഞ്ഞു.

കർഷകർ, വനിതകൾ, യുവാക്കൾ, നിർധനർ എന്നിവരുടെ ക്ഷേമത്തിന് പ്രാധാന്യം നൽകി. രാജ്യം വികസിക്കുമ്പോൾ അവരും വികസിക്കണം.

ദരിദ്രരുടെ ക്ഷേമം രാജ്യത്തിൻ്റെ കൂടി ക്ഷേമമാണ്. 20 കോടി ആളുകളെ ദരിദ്ര മുക്തരാക്കി. 34 കോടി രൂപ ജൻധൻ അക്കൗണ്ട് വഴി നേരിട്ട് ജനങ്ങളിലേക്ക് എത്തിയെന്നും നിർമല സീതാരാമൻ പറഞ്ഞു.

75 ലക്ഷം തെരുവ് കച്ചവടക്കാർക്ക് സഹായം നൽകി. പി.എം കിസാൻ യോജന വഴി 11.8 കോടി കർഷകർക്ക് സഹായം ലഭിച്ചു.

യുവാക്കളുടെ ശാക്തീകരണത്തിനായി വിവിധ പദ്ധതികൾ നടപ്പാക്കി. സ്കിൽ ഇന്ത്യ മിഷൻ വഴി 1.4 കോടി യുവാക്കൾക്ക് പരിശീലനം നൽകി.

3000 പുതിയ ഐ.ടി.ഐകളും 15 എയിംസും സ്ഥാപിച്ചു. പ്രധാനമന്ത്രി മുദ്ര യോജന വഴി 43 കോടി ലോണുകൾ പാസാക്കിയെന്ന് ധനമന്ത്രി വ്യക്തമാക്കി.

ബജറ്റിന് മുന്നോടിയായി ധനമന്ത്രി രാഷ്ട്രപതി ​​ദ്രൗപതി മുർമുവിനെ സന്ദർശിച്ചിരുന്നു. തുടർന്നാണ് പാർലമെന്റിലെത്തിയത്.

രണ്ടാം മോദി സർക്കാറിന്റെ അവസാന പാർലമെന്റ് സമ്മേളനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇടക്കാല ബജറ്റാണ് ധനമന്ത്രി അവതരിപ്പിക്കുന്നത്. ​ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തതിനാൽ തന്നെ ക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതാണ് ബജറ്റ്.


Similar Posts