പുതിയ മന്ത്രിമാര്‍ ചുമതലയേറ്റെടുത്തു; കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന് ചേരും
|ബി.ജെ.പി മന്ത്രിമാർ പാർട്ടി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തും.
പുനസംഘടനയ്ക്ക് ശേഷമുള്ള മോദി മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് വൈകിട്ട് അഞ്ചിന് ചേരും. പുതുതായി സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാർ മന്ത്രാലയങ്ങളിലെത്തി ചുമതലയേറ്റെടുത്ത് തുടങ്ങി. ബി.ജെ.പി മന്ത്രിമാർ പാർട്ടി അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തും. ആഗസ്റ്റ് 15 വരെ മന്ത്രിമാര്‍ ഡല്‍ഹിയില്‍ തുടരണമെന്നാണ് നിര്‍ദേശം.
പുതിയ 43 മന്ത്രിമാര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. രാത്രി തന്നെ വകുപ്പുകള്‍ സംബന്ധിച്ച വിവരം രാഷ്ട്രപതിയുടെ ഓഫീസ് പുറത്തിറക്കിയിരുന്നു. മന്‍സൂഖ് മാണ്ഡവ്യയാണ് പുതിയ ആരോഗ്യമന്ത്രി. രാസവള വകുപ്പിന്റെ ചുമതലയും മന്‍സൂഖ് മാണ്ഡവ്യക്കാണ്. ജ്യോതിരാധിത്യ സിന്ധ്യയ്ക്ക് വ്യോമയാനം ലഭിച്ചു. മലയാളിയായ രാജീവ് ചന്ദ്രശേഖറാണ് ഐടി സഹമന്ത്രി.
റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവാണ്. പീയുഷ് ഗോയലിന് ടെക്സ്റ്റൈല്‍സ് വകുപ്പ് ലഭിച്ചു. വനിത ശിശുക്ഷേമ വകുപ്പ് മന്ത്രിയായി സ്മൃതി ഇറാനി തുടരും. ധര്‍മേന്ദ്ര പ്രധാന്‍ വിദ്യാഭ്യാസമന്ത്രിയാകും. അനുരാഗ് ഠാക്കൂറാണ് പുതിയ വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി.
ഹര്‍ദിപ് സിംഗ്പുരി പെട്രോളിയം, സര്‍ബാനന്ദ സോനോവാള്‍ ജലഗതാഗതം എന്നിവ കൈകാര്യം ചെയ്യും. വിദേശകാര്യ സഹമന്ത്രിയായി വി മുരളീധരനൊപ്പം മീനാക്ഷി ലേഖിയെയും ഉള്‍പ്പെടുത്തി. അതേസമയം, നിതിന്‍ ഗഡ്കരി, രാജ്നാഥ് സിംഗ്, നിര്‍മല സീതാരാമന്‍, എസ് ജയശങ്കര്‍ തുടങ്ങിയവരുടെ വകുപ്പുകളില്‍ മാറ്റമില്ല.