'കള്ളപ്പണം ഇല്ലാതാക്കാനുള്ള ശ്രമം, റിസർവ് ബാങ്കിന്റെ ശിപാർശ അനുസരിച്ചായിരുന്നു നടപടി'; നോട്ട് നിരോധനത്തെ സുപ്രിംകോടതിയിൽ ന്യായീകരിച്ച് കേന്ദ്രം
|നികുതി വെട്ടിപ്പ് തടയാനും ഡിജിറ്റൽ പണമിടപാട് കൂട്ടാനുമുള്ള ശ്രമമായിരുന്നിതെന്നും സർക്കാർ
ന്യൂഡൽഹി: ആറുവർഷം മുമ്പ് നോട്ട് നിരോധിച്ചതിനെ ശക്തമായി ന്യായീകരിച്ച് കേന്ദ്രസർക്കാർ. നടപടിക്കെതിരെയുള്ള കേസുകൾ പരിഗണിക്കവേ സുപ്രിംകോടതിയിലാണ് കേന്ദ്രത്തിന്റെ ന്യായീകരണം. കള്ളപ്പണം ഇല്ലാതെയാക്കാനുള്ള തുടർച്ചയായ നടപടിയുടെ ഭാഗമായിരുന്നു നിരോധനമെന്നും നികുതി വെട്ടിപ്പ് തടയാനും ഡിജിറ്റൽ പണമിടപാട് കൂട്ടാനുമുള്ള ശ്രമമായിരുന്നിതെന്നും സർക്കാർ പറഞ്ഞു. റിസർവ് ബാങ്കിന്റെ ശിപാർശ അനുസരിച്ചാണ് നോട്ട് നിരോധനം നടപ്പാക്കിയതെന്നും പാർലമെന്റ് നൽകിയ അധികാരമാണ് വിനിയോഗിച്ചതെന്നും വ്യക്തമാക്കി.
മുൻപ് നോട്ട് നിരോധിച്ച നടപടികൾ വ്യത്യസ്ത പശ്ചാത്തലത്തിലായിരുന്നുവെന്നും കേന്ദ്രത്തിന്റെ സത്യവാങ്മൂലത്തിൽ പറഞ്ഞു. നോട്ട് നിരോധനത്തിനെതിരായ ഹരജി നിലവിൽ ഭരണഘടന ബെഞ്ചിന്റെ പരിഗണനയിലാണ്. 2016ൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കൽ തീരുമാനത്തിൽ സുപ്രിംകോടതി ഇടപെട്ടിരുന്നു. നേരത്തെയും കോടതി നിർദേശിച്ച പ്രകാരം സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. എന്നാൽ കേവലം രണ്ടുപേജിലായിരുന്നത്. ഇതോടെ വിശദ സത്യവാങ്മൂലം നൽകണമെന്ന് കോടതി കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു. ഇതിനെ തുടർന്നാണ് ഇപ്പോൾ വിശദീകരണം നൽകിയത്.
സർക്കാർ നയതീരുമാനങ്ങൾക്കു മേലുള്ള ജുഡീഷ്യൽ റിവ്യൂവിന്റെ ലക്ഷ്മണ രേഖ വ്യക്തമായി അറിയാമെന്നും വിഷയം അക്കാദമികമായല്ല എടുക്കുന്നതെന്നും കോടതി മുമ്പ് വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സർക്കാറിനോടും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയോടും ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എസ്എ നസീർ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റേതാണ് നടപടി. നോട്ടുനിരോധത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട 59 ഹർജികളിലാണ് പരമോന്നത കോടതിയുടെ ഇടപെടൽ. 2016 നവംബർ എട്ടിന് രാത്രി എട്ടരയ്ക്കാണ് വിനിമയത്തിലുണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ സർക്കാർ പൊടുന്നനെ നിരോധിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് അസാധുവാക്കൽ പ്രഖ്യാപനം നടത്തിയത്. വിനിമയത്തിലുള്ള ആകെ കറൻസിയുടെ 86 ശതമാനവും അസാധുവാക്കിയിരുന്നു.
സംഭവം കഴിഞ്ഞ് ആറു വർഷം കടന്നു പോയതിനാൽ കേസ് പരിഗണിക്കുന്നതിൽ അക്കാദമിക താത്പര്യം മാത്രമാണ് ഉള്ളത് എന്നാണ് കേന്ദ്രസർക്കാറിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ വെങ്കിടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വാദിച്ചിരുന്നത്. എന്നാൽ സർക്കാർ തീരുമാനത്തെ ഇപ്പോഴും ചോദ്യം ചെയ്യാനുള്ള അവസരമുണ്ടെന്ന് ഹർജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകർ പി ചിദംബരവും ശ്യാം ധവാനും വാദിച്ചു. എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നോട്ടുനിരോധിക്കാൻ കേന്ദ്രസർക്കാറിനാകില്ല എന്നാണ് ഹർജിക്കാരുടെ വാദം. കേസ് പരിഗണിച്ച വേളയിൽ തന്നെ, വിഷയം അക്കാദമികമാണ് എന്നും വ്യക്തിഗതമായ ബുദ്ധിമുട്ടുകൾ സ്വതന്ത്രമായി കൈകാര്യം ചെയ്യേണ്ടതാണ് എന്നും തുഷാർ മേത്ത പറഞ്ഞു. അക്കാദമിക താത്പര്യങ്ങൾക്കായി കോടതി സമയം ചെലവഴിക്കരുത്. വിഷയം അപ്രസക്തമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ 1978ൽ കേന്ദ്രസർക്കാർ പാസാക്കിയ നോട്ട് അസാധുവാക്കൽ നിയമം 1996ൽ കോടതി പരിശോധിച്ചിട്ടുണ്ടെന്ന് ജസ്റ്റിസ് അബ്ദുൽ നസീർ പറഞ്ഞു. ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് നാഗരത്നയും ഇതോട് യോജിച്ചു. 'സർക്കാറിന്റെ വിവേകം ഒരുഭാഗത്തുണ്ട്. ലക്ഷ്മണ രേഖ എവിടെയാണ് എന്ന് ഞങ്ങൾക്കറിയാം. ഇത് (നോട്ട് അസാധുവാക്കൽ) നടപ്പാക്കിയ രീതിയും നടപടിക്രമവും പരിശോധിക്കപ്പെടേണ്ടതാണ്. അതുകൊണ്ടു തന്നെ ഹർജികൾ കേട്ടേ മതിയാകൂ' - ജസ്റ്റിസ് നാഗരത്ന വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ വരുംതലമുറയ്ക്ക് ഉത്തരം നൽകേണ്ടത് ഭരണഘടനാ ബഞ്ചിന്റെ ഉത്തരവാദിത്വമായി കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകപക്ഷീയമായ തീരുമാനമായിരുന്നു നോട്ട് അസാധുവാക്കലെന്ന് പി ചിദംബരം വാദിച്ചു. പ്രധാനമന്ത്രി തിടുക്കപ്പെട്ട് തീരുമാനം പ്രഖ്യാപിക്കുകയായിരുന്നു. തീരുമാനം മന്ത്രിസഭയിലെ മറ്റംഗങ്ങൾ പോലുമറിഞ്ഞില്ല. ഇക്കാര്യങ്ങൾ പാർലമെന്റിൽ പറഞ്ഞിട്ടില്ല. പൊതുവിടത്ത് എവിടെയും പറഞ്ഞിട്ടില്ല. ചുരുങ്ങിയ പക്ഷം സുപ്രിംകോടതിയിലെങ്കിലും രേഖകൾ കാണിക്കണം. രാജ്യത്തെ പരമോന്നത നീതിപീഠമാണിത്. ഇതുമായി ബന്ധപ്പെട്ട് ആർബിഐ സർക്കാറിന് നൽകിയ കത്ത്, അജണ്ട പേപ്പർ, ആർബിഐ നിർദേശം എന്നിവ വിളിച്ചു വരുത്തി പരിശോധിക്കണം. എല്ലാ പ്രസക്തമായ വിഷയങ്ങളും പരിഗണിച്ചു എന്ന് അവർ കോടതിയെ ബോധ്യപ്പെടുത്തട്ടെ- ചിദംബരം കൂട്ടിച്ചേർത്തു. ജസ്റ്റിസ് എസ്എ നസീർ അധ്യക്ഷനും ജസ്റ്റിസുമാരായ ബിആർ ഗവായ്, എഎസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യൻ, ബി.വി നാഗരത്ന എന്നിവർ അംഗങ്ങളുമായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Union government defends demonetisation in Supreme Court