ഒമിക്രോൺ വ്യാപനത്തിൽ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
|അതിനിടെ യുപിയിലെ കോവിഡ് നിയന്ത്രണങ്ങളെ വിമർശിച്ച് ബിജെപി എംപി വരുൺ ഗാന്ധി രംഗത്തെത്തി
ഒമിക്രോൺ വ്യാപനത്തിൽ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. രാജ്യത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം 578 ആയി ഉയർന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയത്. കേസുകൾ കൂടുതലുള്ള ഇടങ്ങളിൽ പ്രാദേശിക നിയന്ത്രണം ഏർപ്പെടുത്തണമെന്നും ജനുവരി 31 വരെ കണ്ടൈൻമെന്റ് നടപടികൾ തുടരണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു.
19 സംസ്ഥാനങ്ങളിലാണ് രാജ്യത്ത് ഇതുവരെ ഒമിക്രോൺറിപ്പോർട്ട് ചെയ്തത്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ സാഹചര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തി. ആരോഗ്യ സെക്രട്ടറി രാജേഷ്ഭൂഷൺ സംസ്ഥാനങ്ങിലെ ഒമിക്രോൺ സാഹചര്യം വിശദീകരിക്കുന്ന റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. ജനുവരിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വീണ്ടും ആരോഗ്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തും. അതിന് ശേഷമായിരിക്കും തെരഞ്ഞെടുപ്പ് നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനമെടുക്കുക.
കൂടുതൽ രോഗികളുള്ള രാജ്യതലസ്ഥാനത്ത് ഇന്നുമുതൽ രാത്രികാല കർഫ്യൂ നിലവിൽ വരും. 42 രോഗികളാണ് ഡൽഹിയിലുള്ളത്. അതിനിടെ യുപിയിലെ കോവിഡ് നിയന്ത്രണങ്ങളെ വിമർശിച്ച് ബിജെപി എംപി വരുൺ ഗാന്ധി രംഗത്തെത്തി. എന്ത്‌കോവിഡ് നിയന്ത്രണമാണ് യുപിയിൽ നടക്കുന്നതെന്നും ജനങ്ങളുടെ സാമാന്യബുദ്ധിയെ പരീക്ഷിക്കരുതെന്നും വരുൺ ഗാന്ധി വ്യക്തമാക്കി