ബംഗളൂരു സ്‌ഫോടനം; മന്ത്രിമാര്‍ അന്വേഷണത്തെ സ്വാധീനിക്കരുതെന്ന് കേന്ദ്രമന്ത്രി
|കളമശ്ശേരി സ്ഫോടനത്തെക്കുറിച്ച് കേന്ദ്രമന്ത്രിയുടെ പരാമര്‍ശം വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു
ബംഗളൂരു: ബംഗളൂരുവിലെ കഫേയിലുണ്ടായ സ്‌ഫോടനത്തില്‍ സ്ഥിതീകരിക്കാനാവാത്ത പരാമര്‍ശങ്ങള്‍ നടത്തി കര്‍ണ്ണാടക മന്ത്രിമാര്‍ അന്വേഷണത്തെ സ്വാധീനിക്കരുതെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. അന്വേഷണത്തെ സ്വാധീനിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തികളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ സംസ്ഥാന മന്ത്രിമാരോട് നിര്‍ദ്ദേശിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയോടും സിറ്റി പൊലീസ് കമ്മീഷണറോടും കേന്ദ്രമന്ത്രി അഭ്യര്‍ത്ഥിച്ചു.
'ഭീകരതയും സുരക്ഷയും പ്രശ്‌നങ്ങളണ്. ചരിത്രപരമായി പലതവണ ചെയ്തിട്ടുള്ളതുപേലെ സത്യാവസ്ഥ മൂടിവെക്കാനുള്ള ശ്രമങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഉപമുഖ്യമന്ത്രിയെയോ മറ്റുള്ളവരേയോ അനുവദിക്കരുത്' അദ്ദേഹം പറഞ്ഞു.
ഊഹാപോഹങ്ങളില്‍ ഏര്‍പ്പെടരുതെന്ന് കമ്മീഷണര്‍ ബി.ദയാനന്ദ മാധ്യമങ്ങളോട് പറഞ്ഞത് പങ്കുവെക്കവെയാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം നടന്ന കളമശ്ശേരി സ്ഫോടനത്തെക്കുറിച്ച് ചന്ദ്രശേഖറിന്റെ പരാമര്‍ശം വന്‍ വിവാദത്തിന് വഴിവെച്ചിരുന്നു. ഒരു ഹമാസ് നേതാവിന് സംസാരിക്കാന്‍ കേരള സര്‍ക്കാര്‍ വേദി കൊടുത്ത് 24 മണിക്കൂറിനുള്ളില്‍ കേരളത്തെ പിടിച്ചുകുലുക്കിയ സ്ഫോടനമുണ്ടായെന്ന്അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഈ പരാമര്‍ശത്തിന്റെ പേരില്‍ കേന്ദ്രമന്ത്രിക്കെതിരെ നിരവധി കേസുകളാണ് ഉള്ളത്.
സംഭവത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അന്വേഷണത്തില്‍ സഹകരിക്കണമെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ജനങ്ങളോട് ആവശ്യപ്പെട്ടു. സ്‌ഫോടനത്തിന് കാരണമായത് ഇമ്പ്രൂവൈസ്ഡ് സ്‌ഫോടകവസ്തു ആണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ശനിയാഴ്ച പുറത്തുവന്ന് സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രതി സ്‌ഫോടക വസ്തുക്കളുള്ള ബാഗുമായി കഫേയിലേക്ക് പോകുന്നത് വ്യക്തമായിരുന്നു. ഏകദേശം 28 നും 30 നും ഇടയില്‍ പ്രായമുള്ള ആളാണ് പ്രതിയെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന്റെ ചുമതല ഏറ്റെടുത്തു