India
ഫോട്ടോ എടുക്കുന്നതിനിടെ കുഴഞ്ഞുവീണ ഫോട്ടോഗ്രാഫറുടെ ജീവന്‍ രക്ഷിച്ച് കേന്ദ്രമന്ത്രി ഭഗവത് കരാദ്
India

ഫോട്ടോ എടുക്കുന്നതിനിടെ കുഴഞ്ഞുവീണ ഫോട്ടോഗ്രാഫറുടെ ജീവന്‍ രക്ഷിച്ച് കേന്ദ്രമന്ത്രി ഭഗവത് കരാദ്

Web Desk
|
17 Jun 2022 8:12 AM GMT

കരാദിന്‍റെ അഭിമുഖം കവര്‍ ചെയ്യുന്നതിനിടെയാണ് ഫോട്ടോഗ്രാഫര്‍ പെട്ടെന്ന് കുഴഞ്ഞുവീണത്

ഡല്‍ഹി: ഡൽഹിയിലെ താജ് മാൻസിംഗിൽ പരിപാടി റിപ്പോർട്ട് ചെയ്യുന്നതിനിടെ ബോധരഹിതനായ ഫോട്ടോഗ്രാഫറുടെ ജീവന്‍ രക്ഷിച്ച് കേന്ദ്രമന്ത്രി. കേന്ദ്ര ധനകാര്യ സഹമന്ത്രി ഡോ.ഭഗവത് കിഷൻറാവു കരാദാണ് കുഴഞ്ഞുവീണ ഫോട്ടോഗ്രാഫര്‍ക്ക് പ്രാഥമിക വൈദ്യസഹായം നൽകിയത്.

കരാദിന്‍റെ അഭിമുഖം കവര്‍ ചെയ്യുന്നതിനിടെയാണ് ഫോട്ടോഗ്രാഫര്‍ പെട്ടെന്ന് കുഴഞ്ഞുവീണത്. ഇതുകണ്ട മന്ത്രി ഉടന്‍ തന്നെ ഫോട്ടോഗ്രാഫറുടെ അടുത്തെത്തി അദ്ദേഹത്തിന്‍റെ പള്‍സ് പരിശോധിച്ചു. പിന്നീട് നാഡിമിടിപ്പ് കൂട്ടാൻ കാല്‍പ്പാദത്തില്‍ തുടരെത്തുടരെ അമര്‍ത്തുകയും ചെയ്തു. 5-7 മിനിറ്റുകള്‍ക്ക് ശേഷം യുവാവിന്‍റെ പള്‍സ് സാധാരണ നിലയിലാവുകയും ഗ്ലൂക്കോസിന്‍റെ അളവ് വര്‍ധിപ്പിക്കാന്‍ കുറച്ചു മധുരപലഹാരങ്ങള്‍ നല്‍കുകയും ചെയ്തു. കുറച്ചു സമയങ്ങള്‍ കൊണ്ടുതന്നെ ഫോട്ടോഗ്രാഫറുടെ നില മെച്ചപ്പെടുകയും ചെയ്തു. കരാദിന്‍റെ സമയോചിതമായ ഇടപെടല്‍ മൂലമാണ് ഫോട്ടോഗ്രാഫറുടെ ജീവന്‍ രക്ഷിക്കാനായത്. എല്ലാവരും മന്ത്രിയെ പ്രശംസ കൊണ്ടു മൂടുകയാണ്.സ്വാമി രാംദേവ്, തരുൺ ശർമ്മ, പ്രീതി ഗാന്ധി, യോഗിത ഭയാന തുടങ്ങിയവരുടെ കരാദിനെ അഭിനന്ദിച്ചു.

ഇത് രണ്ടാം തവണയാണ് ഡോക്ടര്‍ കൂടിയായ കരാദ് ഒരാളുടെ ജീവന്‍ രക്ഷിക്കുന്നത്. കഴിഞ്ഞ നവംബറില്‍ ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്കുള്ള വിമാനയാത്രക്കിടെ ഒരു യാത്രക്കാരന് കരാദ് വൈദ്യസഹായം നല്‍കിയിരുന്നു. ഇൻഡിഗോയുടെ ഡൽഹി- മുംബൈ ഫ്ലൈറ്റിലായിരുന്നു സംഭവം. യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സഹയാത്രികന്‍റെ ജീവനാണ് കരാദ് രക്ഷിച്ചത്. രോഗിക്ക് രക്തസമ്മർദ്ദം താഴുകയും ദേഹമാസകലം വിയർക്കുകയുമായിരുന്നു. അദ്ദേഹത്തിന്റെ വസ്ത്രങ്ങൾ അയച്ചിട്ട മന്ത്രി രോഗിയുടെ കാലുകൾ ഉയർത്തി വെച്ച്, നെഞ്ച് തിരുമ്മിയ ശേഷം ഗ്ലൂക്കോസ് നൽകി. അര മണിക്കൂറിനുള്ളിൽ രോഗി സാധാരണ നിലയിലാവുകയും ചെയ്തു.

Similar Posts