India
Union Minister calls Rahul Gandhi No. 1 terrorist over remarks on Sikhs
India

'രാഹുൽ ​ഗാന്ധി ഒന്നാംതരം ഭീകരവാദി, പിടികൂടുന്നവർക്ക് പാരിതോഷികം നൽകണം'; വിവാദ പരാമർശവുമായി കേന്ദ്രമന്ത്രി

Web Desk
|
15 Sep 2024 2:23 PM GMT

'രാഹുൽ ​ഗാന്ധി ഇന്ത്യക്കാരനല്ല. കാരണം അദ്ദേഹം കൂടുതൽ സമയവും ചെലവഴിക്കുന്നത് ഇന്ത്യക്ക് പുറത്താണ്'- മന്ത്രി അഭിപ്രായപ്പെട്ടു.

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ വിവാദ പരാമർശവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രവ്നീത് സിങ് ബിട്ടു. രാജ്യത്തെ ഒന്നാംതരം ഭീകരവാദിയാണ് രാഹുൽ ​ഗാന്ധിയെന്നും അദ്ദേഹം ഇന്ത്യക്കാരനല്ലെന്നുമാണ് ബിട്ടുവിന്റെ പരാമർശം. യുഎസ് സന്ദർസനത്തിനിടെ സിഖ് സമുദായത്തെക്കുറിച്ചുള്ള രാഹുലിന്റെ പരാമർശവുമായി ബന്ധപ്പെട്ടാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

'നേരത്തെ, അവർ മുസ്‌ലിംകളെ ഉപയോഗിക്കാൻ ശ്രമിച്ചു, പക്ഷേ അത് നടന്നില്ല. ഇപ്പോൾ അവർ സിഖുകാരെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. രാഹുൽ ഗാന്ധിക്ക് മുമ്പ് രാജ്യത്തെ ഏറ്റവും കുപ്രസിദ്ധരായ ആളുകൾ ഇത്തരം പ്രസ്താവനകൾ നടത്തിയിരുന്നു. തീവ്രവാദികൾ പോലും രാഹുൽ ഗാന്ധിയുടെ പരാമർശത്തെ അഭിനന്ദിച്ചു. അത്തരക്കാർ പിന്തുണയ്ക്കുമ്പോൾ, രാഹുൽ ​ഗാന്ധി രാജ്യത്തെ ഒന്നാം നമ്പർ തീവ്രവാദിയാണ്'- രവ്‌നീത് സിങ് ബിട്ടു പറഞ്ഞു.

രാജ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ് രാഹുൽ ​ഗാന്ധിയെന്നും അദ്ദേഹത്തെ പിടികൂടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിക്കണമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു. 'രാഹുൽ ​ഗാന്ധി ഇന്ത്യക്കാരനല്ല. കാരണം അദ്ദേഹം കൂടുതൽ സമയവും ചെലവഴിക്കുന്നത് ഇന്ത്യക്ക് പുറത്താണ്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കുടുംബക്കാരും അവിടെയാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് രാജ്യത്തെ സ്നേഹിക്കാനാവാത്തതും വിദേശത്തു പോയി ഇന്ത്യയെ കുറിച്ച് നെ​ഗറ്റീവ് കാര്യങ്ങൾ പറയുന്നതും'- ബിട്ടു ആരോപിച്ചു.

മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ രാഹുൽ ഗാന്ധി, രാജ്യത്ത് വർധിച്ചുവരുന്ന മതപരമായ അസഹിഷ്ണുതയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സിക്കുകാർക്ക് രാജ്യത്ത് മതസ്വാതന്ത്ര്യമില്ലെന്നും അതിനെതിരായ പോരാട്ടം സിഖുകാർക്ക് മാത്രമല്ല, എല്ലാ മതങ്ങൾക്കും വേണ്ടിയുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഇതാണ് ബിജെപിയെ ചൊടിപ്പിച്ചത്.

പരാമർശത്തിൽ, കഴിഞ്ഞദിവസം ബിജെപി നേതാവും മുൻ എംഎൽഎയുമായ തർവീന്ദർ സിങ് മർവ രാഹുലിനെതിരെ വധഭീഷണിയുമായി രംഗത്തെത്തിയിരുന്നു. യുഎസിലെ വിർജീനിയയിൽ നടന്ന പരിപാടിയിലാണ് ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തിൻ്റെ അവസ്ഥയെക്കുറിച്ച് സിഖുകാരെ ഉദ്ധരിച്ച് രാഹുൽ സംസാരിച്ചത്. കോൺ​ഗ്രസ് എം.പിയായിരുന്ന ബിട്ടു, ഈ വർഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ബിജെപിയിൽ ചേർന്നത്.

Similar Posts