India
ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയില്‍ 170 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞ് മന്ത്രി നിതിന്‍ ഗഡ്കരി
India

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയില്‍ 170 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞ് മന്ത്രി നിതിന്‍ ഗഡ്കരി

Web Desk
|
19 Sep 2021 10:23 AM GMT

മന്ത്രിയുടെ കിയ കാർണിവല്‍ കാറിലായിരുന്നു യാത്ര

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയില്‍ 170 കിലോമീറ്റര്‍ സ്പീഡില്‍ പാഞ്ഞ് മന്ത്രി നിതിന്‍ ഗഡ്കരി. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ അതിവേഗപാത ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് വേയുടെ പുരോഗതി പരിശോധിക്കാനാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വേഗപരിശോധന നടത്തിയത്. മന്ത്രിയുടെ കിയ കാർണിവല്‍ കാറിലായിരുന്നു വേഗപരിശോധന. മന്ത്രിയോടൊപ്പം എക്‌സ്പ്രസ് വേയുടെ ഉദ്യോഗസ്ഥരും കാറിലുണ്ടായിരുന്നു.

മുന്‍സീറ്റിലിരിക്കുന്ന മന്ത്രി എക്‌സ്പ്രസ് വേയുടെ പ്രയോജനങ്ങള്‍ വിശദീകരിക്കുന്നുണ്ട്. യു- ടേണ്‍ എടുത്തതിന് ശേഷം അതിവേഗത്തിലാണ് ഡ്രൈവര്‍ കാര്‍ ഓടിക്കുന്നത്. മണിക്കൂറില്‍ 170 കിലോമീറ്റര്‍ സ്പീഡിലാണ് കാര്‍ പോകുന്നത്. പാത വാഹനങ്ങള്‍ക്കായി തുറന്നുകൊടുക്കാത്ത സാഹചര്യത്തിലാണ് ഇത്തരം ഉയര്‍ന്ന സ്പീഡില്‍ വേഗപരിശോധന സാധ്യമായത്.

രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിൽ എക്സ്പ്രസ് വേയുടെ പുരോഗതി മന്ത്രി അവലോകനം ചെയ്തു. 98,000 കോടി രൂപ ചെലവിൽ നിര്‍മിക്കുന്ന, 1380 കിലോമീറ്റര്‍ നീളം വരുന്ന ഈ ഹൈവേ രണ്ട് നഗരങ്ങൾ തമ്മിലുള്ള യാത്രാ സമയം 12 മണിക്കൂറോളം കുറയ്ക്കും.

ഡല്‍ഹി, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലൂടെ കടന്നുപോകുന്ന എക്‌സ്പ്രസ് വേയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 2023ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2018 മാര്‍ച്ച് 9ന് തറക്കല്ലിട്ട് നിര്‍മാണം തുടങ്ങിയ പദ്ധതിയുടെ 1200ലധികം കിലോമീറ്റര്‍ നിര്‍മിക്കാനുള്ള കരാറുകള്‍ ഇതിനോടകം തന്നെ നല്‍കിക്കഴിഞ്ഞു. ഇതിന്‍റെ പണി പുരോഗമിക്കുകയാണ്. പുതിയ എക്‌സ്പ്രസ് വേ ഡല്‍ഹി -മുംബൈ യാത്രാ സമയം 24 മണിക്കൂറില്‍ നിന്ന് ഏകദേശം 12 മണിക്കൂറായി കുറയ്ക്കുകയും 130 കിലോമീറ്റര്‍ ലാഭിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇത് പ്രതിവര്‍ഷം 320 ദശലക്ഷം ലിറ്ററിലധികം ഇന്ധനം ലാഭിക്കുകയും കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറന്തള്ളുന്നത് ഏകദേശം 850 ദശലക്ഷം കിലോഗ്രാം കുറയ്ക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Similar Posts