ബിഹാർ എൻ.ഡി.എയിൽ പൊട്ടിത്തെറി; കേന്ദ്രമന്ത്രി പശുപതി പരസ് രാജിവച്ചു, മുന്നണിവിട്ടു
|ബിഹാറിലെ സീറ്റ് വിഭജനത്തിൽ അതൃപ്തി പരസ്യമാക്കിയാണു മന്ത്രിയുടെ രാജി
ന്യൂഡൽഹി: ബിഹാറിലെ സീറ്റ് വിഭജനത്തിലെ അതൃപ്തിക്കു പിന്നാലെ കേന്ദ്രമന്ത്രിസഭയിൽനിന്നു രാജിവച്ച് രാഷ്ട്രീയ ലോക് ജനശക്തി പാർട്ടി(ആർ.എൽ.ജെ.പി) നേതാവ് പശുപതി കുമാർ പരസ്. എൻ.ഡി.എ മുന്നണി വിടുകയാണെന്നും പരസ് പ്രഖ്യാപിച്ചു. സീറ്റ് വിഭജനത്തിൽ അനീതി നേരിട്ടെന്നും ഇതിനാൽ മന്ത്രിസ്ഥാനം രാജിവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ബിഹാറിൽ എൻ.ഡി.എ സഖ്യത്തിന്റെ സീറ്റ് വിഭജനം പൂർത്തിയായത്. ബി.ജെ.പി 17 ഇടത്തും ജെ.ഡി.യു 16 ഇടത്തും മത്സരിക്കാനാണു ധാരണയായത്. ചിരാഗ് പാസ്വാന്റെ എൽ.ജെ.പിക്ക് അഞ്ചും ജിതൻ റാം മാഞ്ചിയുടെ എച്ച്.എ.എമ്മിന് ഒരു സീറ്റും അനുവദിച്ചപ്പോൾ ആർ.എൽ.ജെ.പിക്ക് സീറ്റൊന്നും ലഭിച്ചിരുന്നില്ല. ഇതാണ് പശുപതി പരസിനെ പ്രകോപിപ്പിച്ചത്.
നേരത്തെ ആർ.എൽ.ജെ.പിക്കൊപ്പമുണ്ടായിരുന്ന പശുപതി പരസ് പാർട്ടി പിളർത്തി വേറൊരു വിഭാഗമായി പോകുകയായിരുന്നു. ഔദ്യോഗിക വിഭാഗം ചിരാഗ് പാസ്വാന്റെ കൂടെ നിന്നപ്പോഴും നാല് എം.പിമാരും പശുപതിക്കൊപ്പമായിരുന്നു. അങ്ങനെയാണു കഴിഞ്ഞ തവണ അദ്ദേഹത്തിന് കേന്ദ്ര കാബിനറ്റിലേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. ലോക് ജനശക്തി ആചാര്യൻ രാംവിലാസ് പാസ്വാന്റെ സഹോദരനാണ് പശുപതി പരസ്. ചിരാഗ് പാസ്വാൻ മകനും.
ഇത്തവണ ഒരു വിഭാഗത്തിനു മാത്രം സീറ്റ് നൽകാനാണ് ബി.ജെ.പി തീരുമാനിച്ചിരുന്നത്. അതിന്റെ ഭാഗമായായിരുന്നു കഴിഞ്ഞ ദിവസം ചിരാഗ് പാസ്വാൻ വിഭാഗത്തിന് അഞ്ച് സീറ്റ് അനുവദിച്ചത്. പശുപതി വിഭാഗത്തിന് ഒറ്റ സീറ്റും നൽകാതെ മാറ്റിനിർത്തുകയും ചെയ്തു. ഇതിനു പിന്നാലെ തന്നെ പശുപതി മന്ത്രിസ്ഥാനം രാജിവച്ചേക്കുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
ഇന്നു രാവിലെ വാർത്താസമ്മേളനം വിളിച്ചാണ് അദ്ദേഹം രാജിവിവരം പ്രഖ്യാപിച്ചത്. പാർട്ടി എൻ.ഡി.എ മുന്നണി വിടാൻ തീരുമാനിച്ച വിവരവും അറിയിച്ചു. കേന്ദ്രമന്ത്രി ആയിട്ടുപോലും തന്നോട് നിരന്തം അവഗണനയാണെന്നും ഒരു സീറ്റ് പോലും നൽകാതെ അനീതി കാട്ടിയെന്നുമാണു വാർത്താസമ്മേളനത്തിൽ പശുപതി പരസ് ആരോപിച്ചത്.
Summary: Union minister Pashupati Paras resigned from Prime Minister Narendra Modi’s cabinet on Tuesday after his party, the RLJP, did not receive any seat allocations in the Lok Sabha elections in Bihar