കേന്ദ്രമന്ത്രിമാർ അതിർത്തി രാജ്യങ്ങളിലേക്ക് യാത്ര തിരിച്ചു
|ഹർദീപ് സിംഗ് പുരി ഹങ്കറിക്കും കിരൺ റിജ്ജു സ്ലോവാക്യയിലേക്കുമാണ് യാത്ര തിരിച്ചത്
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രൈനിൽ നിന്നുള്ള രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ കേന്ദ്ര മന്ത്രിമാർ യുക്രൈന്റെ അതിർത്തി രാജ്യങ്ങളിലേക്ക് യാത്ര തിരിച്ചു. ഹർദീപ് സിംഗ് പുരി ഹങ്കറിക്കും കിരൺ റിജ്ജു സ്ലോവാക്യയിലേക്കുമാണ് യാത്ര തിരിച്ചത്.
യുക്രൈൻ അതിർത്തി രാജ്യങ്ങളായ ഹങ്കറി, റൊമാനിയ, സ്ലോവാക്യ, പോളണ്ട്, മൾഡോവ എന്നീ രാജ്യങ്ങളിലെ രക്ഷാപ്രവർത്തനത്തിന്റെ ഏകോപന ചുമതല കേന്ദ്രമന്ത്രിമാർക്കാണ്. ഹർദീപ് സിങ്ങ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരൺ റിജിജു, വി.കെ സിംഗ് എന്നിവരാണ് ഈ രാജ്യങ്ങളിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്.
പോളണ്ട്, മൾഡോവ എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നതിനായി മന്ത്രിമാർ നീക്കം തുടങ്ങിയിട്ടുണ്ട്. പോളണ്ടിലെ ശഷു വിമാനത്താവളത്തിനടുത്താണ് അതിർത്തി കടന്നെത്തിയവരെ താമസിപ്പിക്കുന്നത്.
ഓപ്പറേഷൻ ഗംഗയുടെ ഭാഗമായുള്ള ഏഴാമത്തെ വിമാനവും മുംബൈയിൽ എത്തി. 182 പേരുമായി ബുക്കാറസ്റ്റിൽ നിന്നുമാണ് വിമാനം എത്തിയത്. 1578 പേരാണ് ഇതുവരെ യുക്രൈനിൽ ഇന്ത്യയലെത്തിയത്. ആയിരം ഇന്ത്യക്കാർ കിയവിൽ നിന്നും പടിഞ്ഞാറൻ യുക്രൈനിൽ എത്തിയതായി എംബസി അറിയിച്ചു. അഞ്ച് ദിവസമായി കിയവിൽ കുടുങ്ങിയ 400 വിദ്യാർത്ഥികളും അതിർത്തിയിൽ എത്തി.
രക്ഷാദൗത്യത്തിനായി നിയോഗിച്ചിട്ടള്ള മറ്റൊരു വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന്റെ വിമാനങ്ങൾ ഇതിനോടകം തന്നെ അതിർത്തികളിലേക്ക് പോകുമെന്നറിയിച്ചിട്ടുണ്ട്.