India
Sri Krishnadevaraya University, Homam

Sri Krishnadevaraya University

India

ഒരു മാസത്തിനുള്ളിൽ മരിച്ചത് അഞ്ച് ജീവനക്കാർ; സർവകലാശാലയിൽ ഹോമം നടത്താനൊരുങ്ങി വി.സി

Web Desk
|
21 Feb 2023 9:38 AM GMT

ആന്ധ്രാപ്രദേശിലെ അനന്ത്പൂരിൽ ശ്രീ കൃഷ്ണദേവരായ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ പ്രൊഫ. രാമകൃഷ്ണ റെഡ്ഡിയാണ് ഉത്തരവിറക്കിയത്.

അനന്തപൂർ: ജീവനക്കാരുടെ അടുപ്പിച്ചുള്ള മരണത്തെ തുടർന്ന് സർവകലാശാലയിൽ ഹോമം നടത്താനൊരുങ്ങി വൈസ് ചാൻസലർ. ആന്ധ്രാപ്രദേശിലെ അനന്ത്പൂരിൽ ശ്രീ കൃഷ്ണദേവരായ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. രാമകൃഷ്ണ റെഡ്ഡിയാണ് ഉത്തരവിറക്കിയത്. ഫെബ്രുവരി 24ന് കാമ്പസിൽ ശ്രീ ധന്വന്തരി മഹാ മൃത്യുഞ്ജയ ശാന്തി ഹോമം നടത്താനാണ് വി.സിയുടെ തീരുമാനം.

ഹോമം നടത്താൻ ജീവനക്കാർ സംഭാവന നൽകണമെന്ന് ആവശ്യപ്പെട്ട് വി.സി സർക്കുലറും പുറത്തിറക്കിയിട്ടുണ്ട്. അധ്യാപക ജീവനക്കാർ 500 രൂപയും അനധ്യാപക ജീവനക്കാർ 100 രൂപയും നൽകണമെന്നാണ് നിർദേശം.

ജീവനക്കാർ പണം തന്നില്ലെങ്കിൽ തന്റെ പണം ഉപയോഗിച്ച് ഹോമം നടത്തുമെന്ന് വി.സി പറഞ്ഞു. ''ഒരു മാസത്തിനുള്ളിൽ സർവകലാശാലയിലെ അഞ്ച് അധ്യാപക, അനധ്യാപക ജീവനക്കാരാണ് മരിച്ചത്. പെട്ടെന്നുള്ള മരണങ്ങൾ മറ്റുള്ള ജീവനക്കാരെ ഭീതിയിലാക്കിയിട്ടുണ്ട്. ചില ജ്ഞാനികളുടെ നിർദേശത്തെ തുടർന്ന് എന്റെ സ്വന്തം പണം ഉപയോഗിച്ച് ഹോമം നടത്താനാണ് തീരുമാനിച്ചത്. ചില അനധ്യാപക ജീവനക്കാർ സഹായിക്കാൻ തയ്യാറായതിനെ തുടർന്നാണ് സർക്കുലർ പുറത്തിറക്കിയത്''-വി.സി പറഞ്ഞു.

ഹോമം നടത്തുന്നതിനെതിരെ പ്രതിഷേധവുമായി വിവിധ വിദ്യാർഥി സംഘടനകൾ രംഗത്തെത്തി. എ.ഐ.എസ്.എഫ്, എസ്.എഫ്.ഐ തുടങ്ങിയ സംഘടനകൾ സർവകലാശാലയുടെ പ്രധാന കവാടത്തിന് മുന്നിൽ പ്രതിഷേധിച്ചു. സർവകലാശാല ഹോമം പോലുള്ള മതപരമായ പരിപാടികൾ സംഘടിപ്പിക്കാനുള്ള ഇടമല്ലെന്നും അത് ആളുകൾക്ക് അറിവ് പകരുന്നതിന് വേണ്ടിയുള്ള ഇടമാണെന്ന് വി.സി മനസിലാക്കണമെന്നും എ.ഐ.എസ്.എഫ് ജനറൽ സെക്രട്ടറി ചിരഞ്ജീവി പറഞ്ഞു.

Similar Posts