സ്കൂളിൽ പൊട്ട് തൊട്ടുവരുന്നത് ‘വിലക്കി’; മുസ്ലിം അധ്യാപികയെ പുറത്താക്കി അധികൃതർ
|വ്യാജപരാതിയിൽ അധ്യാപികക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്തെത്തി
ലഖ്നൗ: വിദ്യാർഥികൾ പൊട്ട് ധരിച്ച് വരുന്നത് വിലക്കിയെന്നാരോപിച്ച് ഉത്തർപ്രദേശിൽ മുസ്ലിം അധ്യാപികയെ അധികൃതർ സസ്പെൻഡ് ചെയ്തു. വ്യാജ ആരോപണമുന്നയിച്ചാണ് തന്നെ സസ്പെൻഡ് ചെയ്തതെന്ന് അധ്യാപിക ആയിഷ പർവീൺ മാധ്യമങ്ങളോട് പറഞ്ഞു.
യു.പിയിലെ ബിജ്നോർ ജില്ലയിലാണ് സംഭവം. 20 വർഷത്തോളമായി സ്കൂളിൽ സേവനമനുഷ്ഠിക്കുന്ന അധ്യാപികക്കെതിരെയാണ് വ്യാജ പരാതിയിൽ നടപടിയെടുത്തിരിക്കുന്നത്. 30 വർഷം നീണ്ട തന്റെ അധ്യാപന ജീവിതത്തിൽ താൻ ആരോപിക്കപ്പെട്ട പോലെ ഒരിക്കലും പെരുമാറിയിട്ടില്ലെന്ന് അധ്യാപിക പറഞ്ഞു.
സ്കൂളിൽ വിദ്യാർത്ഥികൾ മത ചിഹ്നങ്ങൾ ധരിച്ചെത്തുന്നതിനെതിരെ മറ്റൊരു അധ്യാപികയായ ഉഷ നിലപാടെടുത്തിരുന്നു. ഇതാണ് തനിക്കെതിരെ നടപടിയെടുക്കാൻ കാരണമെന്ന് ആയിഷ പറയുന്നു. ആയിഷയെ പുറത്താക്കിയതിന് പിന്നാലെ സ്കൂളിലെ മറ്റു രണ്ട് അധ്യാപകരായ ഉഷയ്ക്കും മുഖ്താർ അഹമ്മദിനുമെതിരെയും നടപടിയെടുത്തിട്ടുണ്ട്. ഇരുവരുടെയും ഇൻക്രിമെന്റ് ആനുകൂല്യങ്ങൾ തടഞ്ഞുവെച്ചു.
സ്കൂളിൽ വിദ്യാർഥികൾ പൊട്ട് ധരിക്കുന്നത് അധ്യാപിക നിരുത്സാഹപ്പെടുത്തിയതായി പരാതി ലഭിച്ചുവെന്ന് സ്കൂൾ പ്രിൻസിപ്പൽ രാജേന്ദ്ര സിങ് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർക്ക് റിപ്പോർട്ട് അയച്ചു. ഇതിന് പിന്നാലെയാണ് നടപടി ആരംഭിച്ചത്. ആയിഷയുടെ സ്കൂളിലെ അവസാന ദിവസമായ 27 ന് വിദ്യാർഥികൾ വികാരനിർഭരമായ യാത്രയപ്പാണ് നൽകിയത്. വിദ്യാർഥികൾ കെട്ടിപ്പിടിച്ച് കരയുന്ന വിഡിയോകൾ പുറത്തുവന്നു. പ്രിയപ്പെട്ട അധ്യാപികക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്കൂൾ വിടുമെന്ന് വിദ്യാർത്ഥികളും രക്ഷിതാക്കളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. വ്യാജപരാതിയിൽ അധ്യാപികക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധവുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും രംഗത്തെത്തി.
A #Muslim teacher was suspended from higher primary school in #UttarPradesh’s #Bijnor district over allegations that she barred #Hindu students from wearing tilak.
— Hate Detector 🔍 (@HateDetectors) August 29, 2024
The suspension was followed by the allegations made by Basic Shiksha Adhikari (BSA) The teacher, #AyeshaParveen,… pic.twitter.com/G48ofuYKDx