ബി.ജെ.പിക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നൽകി യു.പിയും മഹാരാഷ്ട്രയും; നിലംതൊടീക്കാതെ തമിഴ്‌നാട്
|2004 ശേഷം സമാജ്‌വാദി പാർട്ടി ഇത്രയും മിന്നുന്ന വിജയം നേടിയിട്ടില്ല. കഴിഞ്ഞ തവണ അഞ്ച് സീറ്റിൽ ഒതുങ്ങിയ എസ്.പിയാണ് ഏഴിരട്ടി സ്വന്തമാക്കിയത്.
ന്യൂഡൽഹി: 400 സീറ്റ് വിജയലക്ഷ്യവുമായി മത്സരത്തിന് ഇറങ്ങിയ ബി.ജെ.പിക്ക്, യു.പിയും മഹാരാഷ്ട്രയും നൽകിയത് കനത്ത തിരിച്ചടി. ബിഹാറിലും കർണാടകയിലും മികച്ച വിജയം പ്രതീക്ഷിച്ച ഇൻഡ്യാ സഖ്യത്തിന് നിരാശയായി. ബി.ജെ.പിക്കും കോൺഗ്രസിനും പിന്നാലെ സമാജ്വാദി പാർട്ടി ലോക്‌സഭയിലെ ഏറ്റവും വലിയ പാർട്ടിയായി.
ചില വിഷയങ്ങൾക്ക് നൂറിൽ നൂറ് മാർക്ക് വാങ്ങുന്ന വിദ്യാർഥി, മറ്റു ചില വിഷയങ്ങളിൽ പൂജ്യം മാർക്ക് നേടിയത് പോലെ ഒരു പരീക്ഷാ അനുഭവമാണ് ബി.ജെ.പിക്ക് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പ്. മധ്യപ്രദേശ് ,ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ എല്ലാ സീറ്റും തൂത്തുവാരിയ ബി.ജെ.പി, തമിഴ്‌നാട് ഉൾപ്പെടെ സംസ്ഥാനങ്ങളിൽ നിലംതൊടാനായില്ല. മണിപ്പൂരിലെ രണ്ട് സീറ്റും പിടിച്ചെടുത്ത കോൺഗ്രസ്, സംഘർഷ ബാധിതപ്രദേശങ്ങളിൽ തിരിഞ്ഞു നോക്കാതിരുന്ന പ്രധാനമന്ത്രിക്ക് നൽകിയ രാഷ്ട്രീയ മറുപടികൂടിയായി. 2004 ശേഷം സമാജ്‌വാദി പാർട്ടി ഇത്രയും മിന്നുന്ന വിജയം നേടിയിട്ടില്ല. കഴിഞ്ഞ തവണ അഞ്ച് സീറ്റിൽ ഒതുങ്ങിയ എസ്.പിയാണ് ഏഴിരട്ടി സ്വന്തമാക്കിയത്. പത്ത് വർഷമായി എല്ലാസീറ്റിലും ഗുജറാത്തിൽ വിജയിക്കുന്ന ബി.ജെ.പിയിൽനിന്ന്, ഒരു സീറ്റ് പിടിച്ചെടുത്തതോടെ മടയിൽ കയറിയുള്ള ആക്രമണമായി മാറി.
രണ്ടു തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ മാത്രം തുണയ്ക്കുന്ന രാജസ്ഥാൻ ഇത്തവണ 11 സീറ്റുകളാണ് ഇൻഡ്യാ മുന്നണിക്ക് നൽകിയത്. സംസ്ഥാന സർക്കാരിനെ താഴെയിറക്കിയും, ശിവസേന, എൻ.സി.പി എന്നീ പാർട്ടികളെ പിളർത്തിയിട്ടും, മഹാരാഷ്ട്രയിലെ വീഴ്ച ബി.ജെ.പിക്ക് തടഞ്ഞു നിർത്താൻ കഴിഞ്ഞില്ല. 18 നെതിരെ 29 സീറ്റ് നേടി ഇൻഡ്യാ മുന്നണി മുന്നിലെത്തി. നവീൻ പട്‌നായിക്കിനെ വീഴ്ത്തി, ഒഡീഷയിൽ കടന്നുകയറിയ ബി.ജെ.പി 20 ലോക്‌സഭാ സീറ്റും സംസ്ഥാന ഭരണവും നേടിയത്. വലിയ മുന്നേറ്റമായി ഹരിയാനയിലെ പത്ത് സീറ്റിൽ അഞ്ച് വീതം ബി.ജെ.പിയും കോൺഗ്രസും പങ്കിട്ടെടുത്തപ്പോൾ, പഞ്ചാബിലെ 13ൽ പത്തും ഇൻഡ്യാ മുന്നണി സ്വന്തമാക്കി. ആർ.ജെ.ഡി ബിഹാറിൽ നാല് സീറ്റിൽ ഒതുങ്ങിയതാണ് സഖ്യത്തിന്റെ ആഘാതം. മഹുവ മൊയ്ത്ര ഉൾപ്പെടെ 29 അംഗങ്ങളെ തൃണമൂൽ, പാർലമെന്റിലേക്ക് അയച്ചതോടെ മികച്ച വിജയം പ്രതീക്ഷിച്ച ബി.ജെ.പിക്ക് കടുത്ത നിരാശയായി.