കൈക്കൂലിയായി 'ആലു കോഡ്'; യു.പിയിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
|കൈക്കൂലി ചോദിച്ചതിന്റെ ഓഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്
ലഖ്നൗ: കൈക്കൂലിക്കായി 'ആലു കോഡ്' ഉപയോഗിച്ച് ഉത്തർപ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥൻ. കൈക്കൂലി വാങ്ങുന്നതിനായി കനൗജിലെ സബ് ഇൻസ്പെക്ടർ രാം കൃപാൽ സിങ്ങാണ് 'ആലു കോഡ്' ഉപയോഗിച്ചത്. ഒരു കേസ് ഒത്തുതീർപ്പാക്കാൻ രാം കൃപാൽ സിംഗ് കൈക്കൂലി ചോദിച്ചതിന്റെ ഓഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.
ആദ്യം അഞ്ച് കിലോ ഉരുളക്കിഴങ്ങ് ആവശ്യപ്പെടുന്നതും ഇത് നൽകാൻ നിവർത്തിയില്ലാത്ത ആളോട് രണ്ട് കിലോ വേണമെന്നും കൃപാൽ സിങ് ആവശ്യപ്പെട്ടു. ദേഷ്യം പിടിച്ച് മൂന്ന് കിലോ വേണമെന്ന് കൃപാൽ സിങ് നിർബന്ധം പിടിക്കുന്നതും ശബ്ദത്തിലുണ്ട്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ആലു അഥവാ ഉരുളക്കിഴങ്ങ് എന്ന പ്രയോഗം കൈക്കൂലിക്കുള്ള കോഡാണെന്ന് മനസിലായത്.
സംഭവത്തിൽ കനൗജ് എസ്.പി അമിത് കുമാർ വിശദീകരണവുമായി രംഗത്ത് വന്നു. സബ് ഇൻസ്പെക്ടർ സ്ഥാനം വഹിക്കുന്ന രാം കൃപാൽ സിങ്ങിനെ സസ്പെൻഡ് ചെയ്തതായും തുടർ നടപടികൾ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു. കേസിൽ അന്വേഷണത്തിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു.