സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം, ഉപദ്രവം; യു.പിയിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
|തന്റെ ഫോണിലേക്ക് എസ്ഐ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളടക്കമാണ് വനിതാ ഉദ്യോഗസ്ഥ പരാതി നൽകിയത്.
ലഖ്നൗ: സഹപ്രവർത്തകയായ ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശമയയ്ക്കുകയും ഉപദ്രവിക്കുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ.
യു.പി ബറേയ്ലിയിലെ ഭമോറ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ (എസ്ഐ) ചന്ദ്രപാൽ സിങ്ങിനെതിരെയാണ് നടപടി. കോൺസ്റ്റബിളായ സഹപ്രവർത്തകയോടാണ് ഇയാൾ അപമര്യാദയായി പെരുമാറിയത്. സംഭവത്തിൽ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചു.
ബറേയ്ലി പൊലീസ് സൂപ്രണ്ട് ഘൂലെ സുശീൽ ചന്ദ്രഭനാണ് വനിതാ കോൺസ്റ്റബിൾ പരാതി നൽകിയത്. എസ്ഐ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി തെളിവുകൾ സഹിതമായിരുന്നു പരാതി. തന്റെ ഫോണിലേക്ക് എസ്ഐ അയച്ച സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകളടക്കമാണ് വനിതാ ഉദ്യോഗസ്ഥ പരാതി നൽകിയത്.
തുടർന്ന്, വിഷയത്തെ കുറിച്ച് അന്വേഷിക്കാൻ ഭമോറ സ്റ്റേഷൻ എസ്എച്ച്ഒയ്ക്ക് എസ്.പി നിർദേശം നൽകി. അന്വേഷണ റിപ്പോർട്ടിൽ സബ് ഇൻസ്‌പെക്ടർ ചന്ദ്രപാൽ സിങ്ങിന്റെ ഭാഗത്തുനിന്നും കടുത്ത അശ്രദ്ധയും അച്ചടക്കമില്ലായ്മയും ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കിയ എസ്എച്ച്ഒ, ഉദ്യോഗസ്ഥൻ വനിത കോൺസ്റ്റബിളിനോട് മോശമായി പെരുമാറിയെന്നും പറയുന്നു.
വാട്ട്‌സ്ആപ്പിൽ അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും തന്റെ ഔദ്യോഗിക ഉത്തരവാദിത്തങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്നും ഇത് പൊലീസിന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.
എസ്‌എച്ച്‌ഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, എസ്‌എസ്‌പി ശനിയാഴ്ച രാത്രി സബ് ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്യുകയും വിഷയത്തെക്കുറിച്ചുള്ള വകുപ്പുതല അന്വേഷണം ഓൺല സർക്കിൾ ഓഫീസർക്ക് കൈമാറുകയും ചെയ്തു.