സൗജന്യ റേഷൻ വാങ്ങിയിട്ടും ബിജെപിക്ക് വോട്ട് ചെയ്യുന്നില്ലെന്ന്; യു.പിയിൽ ദലിത് വാച്ച്മാനെ നടുറോഡിലിട്ട് മർദിച്ച് ഹോംഗാർഡുകൾ
|നിരവധി പേർ നോക്കിനിൽക്കെയായിരുന്നു മർദനം. എന്നാൽ ഇവരാരും മർദനം തടയാൻ ശ്രമിച്ചില്ല.
ലഖ്നൗ: സർക്കാരിൽ നിന്നും സൗജന്യ റേഷൻ വാങ്ങിയിട്ടും ബിജെപിക്ക് വോട്ട് ചെയ്യുന്നില്ലെന്ന് ആരോപിച്ച് വാച്ച്മാനെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ച് ഹോം ഗാർഡുകൾ. ഉത്തർപ്രദേശിലെ ബറേലി തഹസിൽദാറുടെ ഓഫീസിനു മുന്നിൽ വച്ചായിരുന്നു സംഭവം. തഹസീൽദാറുടെ ഓഫീസിലെ വീർ ബഹാദൂർ, രാംപാൽ എന്നീ ഹോംഗാർഡുകളാണ് ദലിതനായ വീരേന്ദ്ര കുമാർ ജാതവിനെ ആക്രമിച്ചത്.
നിരവധി പേർ നോക്കിനിൽക്കെയായിരുന്നു മർദനം. എന്നാൽ ഇവരാരും മർദനം തടയാൻ ശ്രമിച്ചില്ല. തൻ്റെ ഭൂമിയുടെ രേഖ വാങ്ങാൻ തഹസിൽദാറുടെ ഓഫീസിൽ എത്തിയതായിരുന്നു ബഹോറംഗല ഗ്രാമവാസിയായ ജാതവ്. ഈ സമയമാണ്, ബിജെപി സർക്കാരിൽ നിന്ന് സൗജന്യ റേഷൻ കൈപ്പറ്റുന്നവർ പാർട്ടിക്ക് വോട്ട് ചെയ്യുന്നില്ലെന്ന് ഹോം ഗാർഡുകൾ ആരോപിച്ചത്.
ഇത് ചോദ്യം ചെയ്ത ജാതവുമായി ഇരുവരും വാക്കുതർക്കത്തിലേർപ്പെടുകയും തുടർന്ന് ഇദ്ദേഹത്തെ നിലത്തേക്ക് തള്ളിയിട്ട് ക്രൂരമായി മർദിക്കുകയുമായിരുന്നു. വീരേന്ദ്രകുമാർ ജാതവിനെ ഹോംഗാർഡുകൾ മർദിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്.
തോക്കു കൊണ്ടും കൈ കൊണ്ടും അടിക്കുകയും ഇടിക്കുകയും ബൂട്ട് കൊണ്ട് കഴുത്തിലും മുഖത്തും ചവിട്ടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. തുടർന്ന് അസഭ്യം പറഞ്ഞാണ് ഇരുവരും ഇദ്ദേഹത്തെ പറഞ്ഞയക്കുന്നത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായതോടെ ഹോംഗാർഡുകൾക്കെതിരെ പ്രതിഷേധം ശക്തമായി.
സംഭവത്തിൽ വീർ ബഹാദൂറിനും രാംപാലിനുമെതിരെ എസ്‌സി/എസ്‌ടി നിയമ പ്രകാരം കേസെടുത്തു. മർദനത്തിൽ നിയമനടപടി സ്വീകരിച്ചു വരികയാണെന്ന് താനാ നവാബ്ഗഞ്ച് ഇൻസ്‌പെക്ടർ അറിയിച്ചു. അതേസമയം, എക്സിൽ വീഡിയോ പങ്കുവച്ച് ബിജെപി സർക്കാരിനെതിരെ വിമർശനവുമായി ആർജെഡി രംഗത്തെത്തി.
'ഒരു നീചൻ... ബിജെപിയിൽ നിന്ന് സൗജന്യ റേഷൻ വാങ്ങുന്നു, ബിജെപിക്ക് വോട്ട് പോലും ചെയ്യില്ല...?' എന്ന് പറഞ്ഞ് ഹോംഗാർഡുകളായ വീർ ബഹാദൂറും രാംപാലും ദളിത് വാച്ച്മാൻ വീരേന്ദ്രകുമാറിനെ ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും മുന്നിൽ വച്ച് ക്രൂരമായി മർദിച്ചു. ഇത് സംഭവിച്ചത് 'രാമരാജ്യ'ത്തിലാണ്- ട്വീറ്റിൽ പറയുന്നു.