യുപി തെരഞ്ഞെടുപ്പ്; അഖിലേഷ് യാദവിനെതിരെ കോൺഗ്രസ് മത്സരിക്കില്ല
|കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ സമാജ്‌വാദി പാർട്ടിയും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല
ഉത്തർപ്രദേശിൽ അഖിലേഷ് യാദവിന്റെ മണ്ഡലത്തിൽ സ്ഥാനാർഥിയെ പിൻവലിച്ച് കോൺഗ്രസ്. കർഹാൽ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന അഖിലേഷ് യാദവിന് പിന്തുണ നൽകാനാണ് കോൺഗ്രസ് തീരുമാനം. കോൺഗ്രസ് കേന്ദ്ര നേതൃത്വം ഇടപെട്ടതിനെ തുടർന്ന് സ്ഥാനാർഥിയായിരുന്ന ജ്ഞാനവതി യാദവ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചില്ല.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ സമാജ്‌വാദി പാർട്ടിയും സ്ഥാനാർത്ഥികളെ നിർത്തിയിരുന്നില്ല. ഇവർ മത്സരിച്ചിരുന്ന റായ്ബറേലി, അമേഠി മണ്ഡലങ്ങളിൽ എസ്പി കോൺഗ്രസിനെ പിന്തുണച്ചിരുന്നു.
പശ്ചിമ ഉത്തർപ്രദേശിൽ പ്രചരണം കൂടുതൽ ശക്തിപ്പെടുത്തുകയാണ് സമാജ്‌വാദി പാർട്ടിയും രാഷ്ട്രീയ ലോക്ദള്ളും. പ്രവർത്തകർക്ക് ആവേശം പകർന്നാണ് മുലായം സിംഗ് യാദവും ആർഎൽഡി നേതാവ് ജയന്ത് ചാധരിയും ട്രാക്ടർ റാലി നടത്തിയത്. 96 കിലോമീറ്റർ സഞ്ചരിച്ച് പ്രചരണം നടത്തിയ ട്രാക്ടർ റാലി കർഷക സമരത്തിന്റെ പ്രതീതി പടിഞ്ഞാറൻ യുപിക്ക് നൽകി. അധികാരത്തിൽ എത്തിയാൽ യോഗിക്ക് എതിരായ കേസുകൾ വീണ്ടും അന്വേഷിക്കുമെന്ന് അഖിലേഷ് യാദവ്പ്രഖ്യാപിച്ചു.
അതേസമയം, പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വലിയ പ്രതിസന്ധി നേരിടുകയാണ് ബിജെപി. മുൻ എൻഫോഴ്‌സ്‌മെന്റ് ജോയിന്റ് ഡയറക്ടർ രാജേശ്വർ സിംഗിന് സീറ്റ് നൽകിയത് മറ്റൊരു തരത്തിൽ ബിജെപിക്ക് തിരിച്ചടിയായി. രാജേശ്വർ സിംഗിന് സരോജിനി നഗറിൽ ബിജെപി സീറ്റ് നൽകിയപ്പോൾ സിറ്റിംഗ് എംഎൽഎയെ പാർട്ടി മാറ്റി നിർത്തിയതിലാണ് വലിയൊരു വിഭാഗം പ്രവർത്തകർക്ക് അമർഷം. സംസ്ഥാന നിയമസഭാ ഗവർണർ ഹൃദയ് നാരായൺ ദീക്ഷിതിന് സീറ്റ് നിഷേധിച്ചതും ബിജെപിക്കെതിരെ പ്രവർത്തകർ തിരിയാൻ കാരണമായിട്ടുണ്ട്. പാർട്ടി മാറി എത്തിയവർക്ക് സീറ്റ് നൽകില്ല എന്ന ബിജെപിയുടെ നിലപാടും മാറ്റിയിട്ടില്ല. ഇതിന്റെ ഭാഗമായി പാർട്ടിയിൽ ചേർന്ന മുലായം സിങ്ങിന്റെ മരുമകൾ അപർണ യാദവിന് സീറ്റ് നൽകാത്തത് ബിജെപി ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.