ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ക്കൊല; ജാമ്യത്തിലിറങ്ങിയ ഗുണ്ടാതലവനെ വധിച്ചു
|കൊലപാതക കേസിൽ ജാമ്യം ലഭിച്ച് ഒരാഴ്ച മുമ്പാണ് അനില്‍ ദുജാന ജയിൽ മോചിതനായത്.
മീററ്റ്: ഉത്തർപ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. ഗുണ്ടാതലവന്‍ അനില്‍ ദുജാനയെ യു.പി പൊലീസിന്‍റെ സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സാണ് വെടിവെച്ചു കൊന്നത്. അനില്‍ ദുജാനയ്ക്കെതിരെ അറുപതോളം കേസുകളുണ്ടായിരുന്നു.
ഒരു കൊലപാതക കേസിൽ ജാമ്യം ലഭിച്ച് ഒരാഴ്ച മുമ്പാണ് ദുജാന ജയിൽ മോചിതനായത്. പിന്നാലെ തനിക്കെതിരായ കൊലക്കേസിലെ പ്രധാന സാക്ഷികളിലൊരാളെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ദുജാനയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് സംഘത്തിനു നേരെ ദുജാനയും സംഘവും വെടിയുതിര്‍ത്തെന്നും തുടര്‍ന്ന് ഇയാളെ വെടിവെച്ചുകൊന്നു എന്നുമാണ് പൊലീസ് അറിയിച്ചത്. മീററ്റിലെ ഒരു ഗ്രാമത്തിൽ, കുറ്റിക്കാടുകളാൽ ചുറ്റപ്പെട്ട റോഡിലാണ് ഏറ്റുമുട്ടൽ നടന്നത്. ദുജാനയും സംഘവും കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നാണ് വെടിയുതിര്‍ത്തതെന്നും തുടര്‍ന്ന് തിരിച്ചു വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
യോഗി ആദിത്യനാഥ് യു.പി മുഖ്യമന്ത്രിയായി അധികാരമേറ്റ 2017 മാർച്ചിനുശേഷം 183 ഗുണ്ടാനേതാക്കള്‍ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി യു.പി പൊലീസ് കഴിഞ്ഞ മാസം അറിയിക്കുകയുണ്ടായി. ഇതേ കാലയളവിൽ 13 പൊലീസുകാരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
Summary- The Uttar Pradesh police's special task force has shot dead another gangster in an encounter. Anil Dujanawas killed in the encounter with the UP Police's special task force (STF) in Meerut.