ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഗുണ്ടാത്തലവൻ സുന്ദർ ഭാട്ടിക്ക് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി
|ജയിലിൽനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഭാട്ടി ഒളിവിൽപോയതായാണ് റിപ്പോർട്ട്.
ലഖ്‌നോ: ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടാത്തലവൻ സുന്ദർ ഭാട്ടിക്ക് ജാമ്യം അനുവദിച്ച് അലഹബാദ് ഹൈക്കോടതി. സമാജ്‌വാദി പാർട്ടി നേതാവായിരുന്ന ഹരേന്ദ്ര നഗറിനെയും ഗൺമാൻ ഭുദേവ് ശർമയേയും കൊലപ്പെടുത്തിയ കേസിലാണ് ഭാട്ടിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ജാമ്യം ലഭിച്ചതിന് പിന്നാലെ ഭാട്ടി ഒളിവിൽ പോയതായാണ് വിവരം.
സോൻഭദ്ര ജയിലിൽനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഭാട്ടി വാരണാസിയിൽനിന്ന് വിമാനത്തിൽ ഡൽഹിയിലേക്ക് പോയെന്നും അവിടെനിന്ന് ഹരിയാനയിലേക്ക് കടന്നുവെന്നുമാണ് വിവരം. പടിഞ്ഞാറൻ ഉത്തർപ്രദേശിൽനിന്നുള്ള സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഭാട്ടിയുടെ നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്ന് യുപി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പടിഞ്ഞാറൻ യുപിയിലെ ഏറ്റവും സ്വാധീനശക്തിയുള്ള ഗുണ്ടാത്തലവൻമാരിൽ ഒരാളാണ് സുന്ദർ ഭാട്ടി. കൊലപാതകം, കൊലപാതകശ്രമം, പിടിച്ചുപറി, കൊള്ള തുടങ്ങി അറുപതോളം കേസുകളിൽ പ്രതിയാണ് സുന്ദർ ഭാട്ടി.
സമാജ്‌വാദി പാർട്ടി മുൻ എംപി അതീഖ് അഹമ്മദിനെയും സഹോദരൻ അഷ്‌റഫിനെയും കൊലപ്പെടുത്തിയ സംഘത്തിലെ സണ്ണിയുമായുള്ള ബന്ധത്തിന്റെ പേരിൽ ഭാട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2023 ഏപ്രിലിൽ പ്രയാഗ്‌രാജിലാണ് അതീഖ് അഹമ്മദും സഹോദരനും വെടിയേറ്റു മരിച്ചത്. ഈ കേസിൽ ഹാമിർപൂർ ജയിലിൽ കഴിയുമ്പോഴാണ് ഭാട്ടിയെ സോൻഭദ്ര ജയിലിലേക്ക് മാറ്റിയത്.
അതീഖ് അഹമ്മദിന്റെ കൊലപാതകത്തിൽ ഭാട്ടിക്ക് പങ്കുള്ളതായി ആരോപണമുയർന്നിരുന്നു. സിഗാന പിസ്റ്റളുകളും വിദേശനിർമിത സെമി ഓട്ടോമാറ്റിക് വെടിക്കോപ്പുകളും അതീഖിന്റെ കൊലയാളികൾക്ക് നൽകിയത് ഭാട്ടിയാണെന്നാണ് ആരോപണം. ജയിൽമോചിതനായ ശേഷവും സണ്ണി സുന്ദർ ഭാട്ടി അസോസിയേറ്റ്‌സുമായി ബന്ധം പുലർത്തിയിരുന്നതായാണ് വിവരം.
അതീഖ് അഹമ്മദിന്റെ കൊലപാതകം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം 2023 മേയിൽ തന്റെ എതിരാളിയായ അനിൽ ദുജാനയേയും ഭാട്ടി കൊലപ്പെടുത്തിയിരുന്നു. ദുജാനയെ കൊലപ്പെടുത്തിയതിലൂടെ പടിഞ്ഞാറൻ യുപിയിലെ സ്‌ക്രാപ്പ് ബിസിനസിന്റെ കുത്തക പിടിച്ചെടുക്കുകയായിരുന്നു ഭാട്ടിയുടെ ലക്ഷ്യം.
2015ലാണ് ഭാട്ടിയും കൂട്ടാളികളും ചേർന്ന് എസ്പി നേതാവായിരുന്ന ഹരേന്ദ്ര നഗറിനെയും ഗൺമാനേയും ഗ്രേറ്റർ നോയിഡയിലെ ഒരു വിവാഹ വീട്ടിൽവെച്ച് കൊലപ്പെടുത്തിയത്. ഈ കേസിൽ 2021ലാണ് ഭാട്ടിയേയും 11 കൂട്ടാളികളേയും കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.