ഇന്ത്യയിലെ ആദ്യ മുസ്ലിം വനിതാ യുദ്ധവിമാന പൈലറ്റ്; ചരിത്രം രചിച്ച് സാനിയ മിർസ
|ഗ്രാമത്തിലെ ഓരോ പെൺകുട്ടിക്കും അവരുടെ സ്വപ്നങ്ങൾ പിന്തുടരാൻ അവൾ പ്രചോദനമാവുമെന്ന് സാനിയയുടെ മാതാവ് പറയുന്നു.
ലഖ്നൗ: ടി.വി മെക്കാനിക്കിന്റെ മകളിൽ നിന്നും ഇന്ത്യയിലെ ആദ്യ മുസ്ലിം വനിതാ യുദ്ധവിമാന പൈലറ്റായി ചരിത്രം രചിക്കാനൊരുങ്ങുകയാണ് ഒരു യുവതി. യുപി മിർസാപുർ ജസോവർ സ്വദേശിനി സാനിയ മിർസയാണ് ഭൂമിയിലും ആകാശത്തും ഒരേ സമയം ചരിത്രത്തിലേക്ക് കാലെടുത്തുവച്ചിരിക്കുന്നത്.
നാഷനൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ) പരീക്ഷ പാസായതിനു പിന്നാലെയാണ് സാനിയ മിർസ പൈലറ്റാവുന്നത്. സാനിയ സംസ്ഥാനത്തെ ആദ്യ വനിതാ ഐഎഎഫ് പൈലറ്റ് കൂടിയാണ്. മിർസാപൂരിൽ ടി.വി മെക്കാനിക്കായ ഷാഹിദ് അലിയുടെ മകളാണ് സാനിയ.
ഫ്ലൈറ്റ് ലെഫ്റ്റനന്റ് അവാനി ചതുർവേദിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് താൻ നാഷനൽ ഡിഫൻസ് അക്കാദമിയിൽ ചേരാൻ തീരുമാനിച്ചതെന്നും യുവതലമുറയ്ക്ക് എന്നെങ്കിലും താൻ പ്രചോദനം ആവുമെന്ന് പ്രതീക്ഷിക്കുന്നതായും സാനിയ മിർസ പറഞ്ഞു.
ഗ്രാമത്തിലെ ഓരോ പെൺകുട്ടിക്കും അവരുടെ സ്വപ്നങ്ങൾ പിന്തുടരാൻ അവൾ പ്രചോദനമാവുമെന്ന് സാനിയയുടെ മാതാവ് പറയുന്നു. അവാനി ചതുർവേദിയിൽ നിന്ന് മകൾ പ്രചോദനം ഉൾക്കൊണ്ടിരുന്നതായും അവളെപ്പോലെയാകാൻ തന്റെ മകളും ആഗ്രഹിച്ചിരുന്നെന്നും പിതാവ് ഷാഹിദ് അലി മനസ് തുറന്നു.
സാനിയയുടെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കപ്പെടട്ടെയെന്ന് ഐഎഎഫ് ആശംസകൾ നേർന്നു. എൻ.ഡി.എ പരീക്ഷയിൽ 149ാം റാങ്കാണ് സാനിയ നേടിയത്. ദൃഢനിശ്ചയമുണ്ടെങ്കിൽ ഹിന്ദി മീഡിയം വിദ്യാർഥികൾക്കും വിജയം നേടാനാകുമെന്ന് ഹിന്ദി മീഡിയം സ്കൂളിൽ പഠിച്ച സാനിയ പറഞ്ഞു.
ഡിസംബർ 27ന് പൂനെയിൽ നടക്കുന്ന നാഷണൽ ഡിഫൻസ് അക്കാദമി ഖഡക്വൽസയിൽ സാനിയ ചേരും. ഈ വർഷം ആദ്യം, പ്രതിരോധ മന്ത്രാലയം ഐ.എ.എഫിൽ വനിതാ പൈലറ്റുമാരെ നിയോഗിക്കുന്ന പരീക്ഷണ പദ്ധതി സ്ഥിരമാക്കാൻ തീരുമാനിച്ചിരുന്നു.
എയർഫോഴ്സിൽ വനിതകളെ ഫൈറ്റർ പൈലറ്റുമാരായി നിയോഗിക്കുന്നതിന് 2015ലാണ് പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയത്. എന്നാൽ 2016ലാണ് ഫൈറ്റർ സ്ട്രീം ഓഫ് ഫ്ലൈയിങ് ബ്രാഞ്ചിൽ വനിതാ എസ്.എസ്.സി ഓഫീസർമാരെ ഉൾപ്പെടുത്തുന്നതിനുള്ള പദ്ധതി ആരംഭിച്ചത്.