ഹാഥ്റസ് ദുരന്തം: ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യു.പി സർക്കാർ; ആൾദൈവം ഭോലെ ബാബ ഒളിവിൽ
|ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പുതിയ ചട്ടങ്ങൾ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ലഖ്നൗ: ഹാഥ്റസില്‍ ആള്‍ദൈവം ഭോലെ ബാബ നടത്തിയ പ്രാര്‍ഥനായോഗത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് 122 പേര് മരിച്ച സംഭവത്തില്‍ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. റിട്ട. ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പുതിയ ചട്ടങ്ങൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. അതേസമയം, ആൾദൈവമായ സാകർ വിശ്വഹരി ഭോലെ ബാബ എന്നറിയപ്പെടുന്ന ബാബാ നാരായൺ ഹരി ഒളിവിലാണ്. സംഭവത്തിൽ മുഖ്യ സംഘാടകനായ ദേവപ്രകാശ് മധുക്കർ അടക്കമുള്ളവർക്കെതിരെ മാത്രമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭോലെ ബാബയെ പ്രതി ചേര്‍ത്തിട്ടില്ല.
വിവിധ സംസ്ഥാനങ്ങളിൽ ലക്ഷക്കണക്കിന് അനുയായികളുള്ള ഇയാൾ യു.പി കടന്ന് മറ്റ് സംസ്ഥാനങ്ങളിലേക്കോ നേപ്പാളിലേക്കോ കടക്കാനുള്ള സാധ്യതയുള്ളതിനാൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് അഭിഭാഷകരടമുള്ളവർ സുപ്രിംകോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്.
ദുരന്തത്തിൽ സിക്കന്ദര റാവു പൊലീസ് സ്റ്റേഷനിലാണ് ഭാരതീയ ന്യായ് സംഹിതയിലെ 105,110,126 (എ), 223, 238 എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുഖ്യസംഘാടകനായ ദേവപ്രകാശ് മധുകര്‍ 80,000ത്തോളം ആളുകള്‍ പങ്കെടുക്കുന്ന പരിപാടിക്കാണ് അധികൃതരില്‍ നിന്നും അനുമതി തേടിയത്. ഇതുപ്രകാരം അധികൃതര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ സജ്ജമാക്കി.
എന്നാല്‍ രണ്ടര ലക്ഷത്തോളം ആളുകൾ സത്സംഗില് ഒത്തുകൂടി. റോഡിൽ കനത്ത ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയും ചെയ്തുവെന്നും എഫ്.ഐ.ആറില്‍ പറയുന്നു. അനുമതി തേടുമ്പോൾ സത്സംഗിനെത്തുന്ന യഥാർഥ ഭക്തരുടെ കണക്ക് സംഘാടകർ മറച്ചുവച്ചു. ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തിയെങ്കിലും സംഘാടകര്‍ സഹകരിച്ചില്ല. തിക്കിലും തിരക്കിനും ശേഷം തെളിവുകൾ മറച്ചുവച്ചുവെന്നും എഫ്ഐആറിൽ ആരോപിച്ചു.
പ്രാര്‍ഥന കഴിഞ്ഞപ്പോള്‍ വേദിയിലുണ്ടായിരുന്ന ആളുകള്‍ ഒരുമിച്ച് പുറത്തേക്കിറങ്ങിയത് അനിയന്ത്രിതമായ തിക്കിനും തിരക്കിനും കാരണമായി. വെള്ളത്തിലൂടെയും ചെളി നിറഞ്ഞ വയലിലൂടെയും ഓടുന്ന ജനക്കൂട്ടത്തെ ബലമായി തടയാൻ സംഘാടകർ ശ്രമിച്ചു. ഇത് ജനക്കൂട്ടത്തെ കൂടുതല്‍ സമ്മര്‍ദത്തിലാക്കി. ഓടുന്നതിനിടയില്‍ ആളുകള്‍ നിലത്തുവീഴുകയും ചതഞ്ഞരയുകയും ചെയ്തു- എഫ്.ഐ.ആറില്‍ പറയുന്നു.
സ്ഥലത്തുണ്ടായിരുന്ന പൊലീസും മറ്റ് അധികൃതരും സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി. ലഭ്യമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും സംഘാടകര്‍ സഹകരിച്ചില്ലെന്നും എഫ്.ഐ.ആറില്‍ പരാമര്‍ശിക്കുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ ഭോലെ ബാബയുടെ വാഹനവ്യൂഹം വേദിയിൽ നിന്ന് പുറത്തേക്ക് പോയതായും എഫ്.ഐ.ആറിൽ പറയുന്നു.
ഹാഥ്റസ് ജില്ലയിലെ രതിഭാൻപൂർ ഗ്രാമത്തില്‍ ചൊവ്വാഴ്ചയാണ് അപകടമുണ്ടാകുന്നത്. ഭോലെ ബാബ നടത്തിയ പ്രാർഥനാ യോഗത്തിനു ശേഷം മടങ്ങിപ്പോവുന്നതിനിടെ അയാളുടെ അടുത്തേക്ക് എത്താൻ ആളുകൾ ശ്രമിച്ചതോടെയുണ്ടായ തിക്കും തിരക്കുമാണ് ദുരന്തത്തില്‍ കലാശിച്ചത്. ഇതുവരെ 122 പേരാണ് മരിച്ചത്. മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.