മദ്രസ സിലബസിൽ എ.ഐയും കോഡിങ്ങുമായി യു.പി
|പുതിയ കോഴ്‌സുകളെ കുറിച്ച് അധ്യാപകർക്ക് പ്രത്യേക പരിശീലനം നൽകും
ലഖ്‌നൗ: മദ്രസാ വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ സാക്ഷരതാ കോഴ്‌സുകൾ നൽകാൻ ഉത്തർപ്രദേശ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കോഡിങ് ഉൾപ്പെടെയുള്ള കോഴ്‌സുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനാണു തീരുമാനം.
യു.പി ന്യൂനപക്ഷ ക്ഷേമ, വഖഫ് വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി മോണിക്ക എസ് ഗാർഗ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. പദ്ധതിയുടെ ഭാഗമായി ലഖ്‌നൗവിലെ ഇന്ദിരാ ഗാന്ധി പ്രതിഷ്ഠൻ കേന്ദ്രത്തിൽ അധ്യാപകർക്കു പരിശീലനം നൽകും. പ്രാഥമിക വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചാണ് അധ്യാപകർക്ക് ഓറിയന്റേഷൻ ക്ലാസുകൾ നൽകുന്നത്. അധ്യാപക പരിശീലനത്തിനായി വിദഗ്ധരുടെ സഹായത്തോടെ 22 വിഡിയോകൾ തയാറായിട്ടുണ്ടെന്നം മോണിക്ക അറിയിച്ചു.
യു.പി സർക്കാരിന്റെ അംഗീകാരത്തോടെ 16,513 മദ്രസകളാണു സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്. ഇതിൽ 13,92,325 വിദ്യാർത്ഥികളും പഠിക്കുന്നുണ്ട്. എൻ.സി.ഇ.ആർ.ടി പാഠ്യപദ്ധതിയാണ് ഈ മദ്രസകളിലെല്ലാം പിന്തുടരുന്നത്. 1,275 മദ്രസകൾക്ക് സർക്കാർ കംപ്യൂട്ടറുകളും 7,442 മദ്രസകൾക്ക് ശാസ്ത്ര, ഗണിത പാഠപുസ്തകങ്ങളുടെ ബുക്ക് ബാങ്കും ലഭ്യമാക്കിയതായി ഒരു സർക്കാർ വക്താവ് അറിയിച്ചു.
Summary: UP govt brings AI and coding to madrassa curriculum