India
മദ്രസകളിൽ ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കി യു.പി സർക്കാർ
India

മദ്രസകളിൽ ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കി യു.പി സർക്കാർ

Web Desk
|
12 May 2022 4:40 PM GMT

യു.പി ന്യൂനപക്ഷ മന്ത്രി ദാനിഷ് ആസാദ് അൻസാരിയാണ് ഉത്തരവിറക്കിയത്

ലഖ്‌നൗ: മദ്രസകളിൽ ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കി ഉത്തർപ്രദേശ് സർക്കാർ. ക്ലാസ് ആരംഭിക്കുന്നതിനു മുൻപ് വിദ്യാർത്ഥികളും അധ്യപകരും ദേശീയഗാനം ആലപിക്കാനാണ് ഉത്തരവ്. പുതിയ നിയമം ഇന്നു പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

യു.പി ന്യൂനപക്ഷ മന്ത്രി ദാനിഷ് ആസാദ് അൻസാരിയാണ് ഉത്തരവിറക്കിയത്. മാർച്ച് 24ന് ചേർന്ന യു.പി മദ്രസ എജ്യുക്കേഷൻ ബോർഡ് യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം കൈക്കൊണ്ടതെന്നാണ് വിവരം. ഈ മാസം ഒൻപതിനാണ് ഉത്തരവ് നടപ്പാക്കാൻ തീരുമാനമായത്.

16,461 മദ്രസകളാണ് ഉത്തർപ്രദേശിൽ പ്രവർത്തിക്കുന്നത്. ഇതിൽ 560 മദ്രസകൾക്ക് സർക്കാർ ഗ്രാന്റ് ലഭിക്കുന്നുണ്ട്. പുതിയ ഉത്തരവ് മദ്രസ എജ്യുക്കേഷൻ ബോർഡ് രജിസ്ട്രാർ എസ്.എൻ പാണ്ഡെ മുഴുവൻ ജില്ലാ ന്യൂനപക്ഷക്ഷേമ ഓഫീസർമാർക്കും അയച്ചിട്ടുണ്ട്. നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ ഓഫീസർമാർക്ക് നിർദേശമുണ്ട്.

സംസ്ഥാനത്തെ മദ്രസകളിൽ ദേശീയതയ്ക്ക് ഊന്നൽ നൽകുന്ന തരത്തിൽ പാഠ്യപദ്ധതി പരിഷ്‌ക്കരിക്കുമെന്ന് നേരത്തെ യു.പി ന്യൂനപക്ഷക്ഷേമ വകുപ്പു മന്ത്രി ധരംപാൽ സിങ് കഴിഞ്ഞ മാസം അറിയിച്ചിരുന്നു. മദ്രസ വിദ്യാർത്ഥികളിൽ ദേശസ്‌നേഹം വളർത്താനുള്ള പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് യോഗി മന്ത്രിസഭയിലെ ഏക മുസ്‌ലിം കൂടിയായ ദാനിഷ് ആസാദ് അൻസാരിയും വെളിപ്പെടുത്തിയിരുന്നു.

Summary: UP makes singing national anthem compulsory at all madrassas

Similar Posts