2 കോടി തട്ടാന്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊന്നു; കോവിഡ് മരണമെന്ന് തെറ്റിദ്ധരിപ്പിച്ച് സംസ്കാരം
|ഉത്തര്‍പ്രദേശിലാണ് സംഭവം. അഞ്ചംഗ സംഘം പിടിയില്‍
രണ്ട് കോടി തട്ടാന്‍ യുവാവിനെ സുഹൃത്തുക്കള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. എന്നിട്ട് കോവിഡ് മരണമാണെന്ന് വരുത്തിത്തീര്‍ത്ത് പിപിഇ കിറ്റ് അണിഞ്ഞ് ശ്മശാനത്തിലെത്തി മൃതദേഹം സംസ്കരിച്ചു. അഞ്ച് പേര് പിടിയിലായി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം.
പൊലീസ് പറയുന്നതിങ്ങനെ- 23കാരനായ സച്ചിന് എന്ന യുവാവിനെ ജൂണ്‍ 21നാണ് അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. കോള്‍ഡ് സ്റ്റോറേജ് ഉടമയുടെ മകനാണ് സച്ചിന്. സുഹൃത്തുക്കള്‍ ചേര്‍ന്നാണ് സച്ചിനെ തട്ടിക്കൊണ്ടുപോയത്. കൊലപ്പെടുത്തിയ ശേഷം രണ്ട് കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു പ്രതികളുടെ പദ്ധതി. തുടര്‍ന്ന് ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് സച്ചിനെ ഇവര്‍ കൊല്ലുകയായിരുന്നു. പിപിഇ കിറ്റ് ധരിച്ച് മൃതദേഹം ശ്മശാനത്തിലെത്തിച്ച് കോവിഡ് രോഗിയുടേതെന്ന വ്യാജേന സംസ്കരിച്ചു.
സച്ചിനെ കാണാതായി അടുത്ത ദിവസം തന്നെ മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചിരുന്നു. സായാഹ്ന സവാരിക്കിറങ്ങിയ യുവാവിനെ കാണാതാവുകയായിരുന്നു. അമ്മ മകന്റെ ഫോണിലേക്ക് വിളിച്ചപ്പോള്‍ ആരോ ഫോണ്‍ എടുത്ത ശേഷം സച്ചിന് ഉറങ്ങുകയാണെന്ന് പറഞ്ഞു. ഇതോടെയാണ് മാതാപിതാക്കള്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
സംഭവത്തില്‍ ഹാപ്പി കൃഷ്ണ, അശ്വനി, മനോജ് ബന്‍സാല്‍, റിങ്കു, ഹര്‍ഷ് ചൌഹാന് എന്നിവര്‍ പിടിയിലായി. വ്യാജ പേരിലാണ് പ്രതികള്‍ മൃതദേഹം സംസ്കരിച്ചത്. മഹാമാരി കാലമായതിനാല്‍ ആരും സംശയിക്കില്ലെന്നാണ് പ്രതികള്‍ കരുതിയത്. സച്ചിനെ കൊലപ്പെടുത്തിയ ശേഷം സച്ചിന്റെ മൊബൈല്‍ ഫോണുമായി പ്രതികള്‍ കാണ്‍പൂരിലേക്ക് പോയി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ ശ്മശാനത്തില്‍ ബന്ധുക്കളില്‍ ഒരാളുടെ നമ്പര്‍ നല്‍കിയതാണ് പ്രതികള്‍ വേഗത്തില്‍ പിടിയിലാവാന്‍ കാരണം. സച്ചിനെ കൊലപ്പെടുത്തി 2 കോടി രൂപ മോചനദ്രവ്യം ആവശ്യപ്പെടാനായിരുന്നു പദ്ധതിയെന്ന് പ്രതികള്‍ ചോദ്യംചെയ്യലില്‍ സമ്മതിച്ചു.