കുടുംബസ്വത്ത് കൈവശപ്പെടുത്താന്‍ 20 വര്‍ഷത്തിനിടെ അഞ്ച് കൊലപാതകം: 45കാരന്‍ അറസ്റ്റില്‍
|പരമ്പരാഗത സ്വത്ത് കൈവശപ്പെടുത്താനാണ് ഈ അഞ്ചു പേരെയും കൊന്നതെന്ന് ലീലു പൊലീസിനോട് പറഞ്ഞു
യുപിയിലെ ഗാസിയാബാദിൽ സ്വത്ത് കൈവശപ്പെടുത്താൻ 45 കാരൻ കൊലപ്പെടുത്തിയത് കുടുംബത്തിലെ അഞ്ചുപേരെ. 20 വർഷത്തിനിടെയാണ് 45 കാരനായ ലീലു അഞ്ചുപേരെ കൊലപ്പെടുത്തിയത്. 2021 ഓഗസ്റ്റ് 15 ന് ലീലുവിന്റെ സഹോദരൻ തന്റെ മകനെ ആരോ തട്ടിക്കൊണ്ടുപോയി എന്ന പരാതിയുമായി പൊലീസിനെ സമീപിച്ചതാണ് 20 വർഷത്തെ കൊലപാതക പരമ്പര പുറത്തുവരാൻ കാരണമായത്.
കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിൽ ലീലുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ആദ്യം പ്രതി കുറ്റം സമ്മതിച്ചില്ലെങ്കിലും പിന്നീട് കുട്ടിയെ തട്ടിക്കൊണ്ടു പോയി കനാലിലേക്ക് വലിച്ചെറിയുകയായിരുന്നെന്ന് സമ്മതിച്ചു. സുരേന്ദ്ര,വിക്രാന്ത്,മുകേഷ്,രാഹുൽ എന്നിവരുടെ സഹായത്തോടെയായിരുന്നു കൊലപാതകം നടത്തിയത്.
കുട്ടിയുടെ കൊലപാതകം പുറത്തുവന്നതോടെ കുടുംബത്തിൽ മുമ്പ് നടന്ന ദുരൂഹ മരണങ്ങളിൽ ലീലുവിന് പങ്കുണ്ടോയെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 2001 മുതൽ കുടുംബത്തിൽ സംഭവിച്ച അഞ്ച് മരണങ്ങളും ലീലു നടത്തിയ കൊലപാതകങ്ങളാണെന്ന് തെളിഞ്ഞത്.
2001 ൽ സഹോദരൻ സുധീർ ത്യാഗി, മാസങ്ങൾക്ക് ശേഷം സുധീറിന്റെ മകൻ പായൽ, 2004 ൽ സുധീറിന്റെ മകൾ പരുൾ, 2009 ൽ ഇളയ സഹോദരൻ ബ്രിജേഷിന്റെ മകൻ നിഷു എന്നിവരെയും ലീലൂ കൊന്നിട്ടുണ്ട്. പരമ്പരാഗത സ്വത്ത് കൈവശപ്പെടുത്താനാണ് ഈ അഞ്ചു പേരെയും കൊന്നതെന്ന് ലീലു പൊലീസിനോട് പറഞ്ഞു.