ഭാര്യയുടെ തലയറുത്ത് നടുറോഡിലൂടെ റോന്തുചുറ്റി യുവാവ്; അറസ്റ്റ്
|ഒരു കൈയിൽ ഭാര്യയുടെ തലയും മറുകൈയിൽ കൊലയ്ക്ക് ഉപയോഗിച്ച കത്തിയുമായി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു പ്രതി
ലഖ്നൗ: വിവാഹേതരബന്ധം സംശയിച്ച് ഭാര്യയെ കഴുത്തറുന്ന് കൊന്ന് തലയുമായി റോഡിലൂടെ റോന്തുചുറ്റി യുവാവ്. ഉത്തർപ്രദേശിലെ ബാരാബങ്കിയിലാണു നാടിനെ നടുക്കിയ സംഭവം. ഒരു കൈയിൽ ഭാര്യയുടെ തലയും മറുകൈയിൽ കൊലയ്ക്ക് ഉപയോഗിച്ച കത്തിയുമായി ഇയാൾ ഫത്തേപൂർ പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ബസാറ സ്വദേശിയായ അനിൽ കനോജിയയെ പൊലീസ് അറസ്റ്റ് ചെയ്തു.
വന്ദന(26) ആണ് കൊല്ലപ്പെട്ടത്. മെക്കാനിക്ക് ആയ അനിൽ കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞു വീട്ടിലെത്തിയ ശേഷമായിരുന്നു ക്രൂരകൃത്യം നടത്തിയത്. അരിവാൾ കൊണ്ട് ഭാര്യയുടെ തലയറുത്ത ശേഷം അതുമായി റോഡിലേക്കിറങ്ങി. ആളുകൾ നോക്കിനിൽക്കെയായിരുന്നു ഒരു കൂസലുമില്ലാതെ ഇയാൾ തലയുമായി പൊലീസ് സ്റ്റേഷനിലേക്കു നടന്നുപോയത്.
വഴിയിൽ നോക്കിനിന്നവരെ കത്തി കാണിച്ച് ഇയാൾ ഭീഷണിപ്പെടുത്തുന്നതു പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം. സ്റ്റേഷനിലെത്തുംമുൻപ് തന്നെ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൈയിലുണ്ടായിരുന്ന കത്തി പിടിച്ചെടുത്തു. സംഭവത്തിൽ ചോദ്യംചെയ്ത ശേഷം അനിൽ കനോജിയയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്.
എട്ടു വർഷംമുൻപായിരുന്നു ദമ്പതികളുടെ വിവാഹം നടന്നത്. ഇതിനിടെ ഭാര്യയ്ക്കു മറ്റൊരാളുമായി 'അവിഹിതബന്ധം' സംശയിച്ച് ഇയാൾ ചോദ്യംചെയ്തിരുന്നു. ഇതിനു പിന്നാലെയാണു പ്രതികാരമായി ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയത്.
ദിവസങ്ങൾക്കുമുൻപ് പശ്ചിമ ബംഗാളിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഈസ്റ്റ് മിഡ്നാപ്പൂരിലായിരുന്നു യുവാവ് ഭാര്യയുടെ തലയറുത്ത് റോഡിലൂടെ കറങ്ങിയത്. തലയുമായി ബസ് സ്റ്റോപ്പിലെത്തിയ ഇയാളെ നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
Summary: UP man kills wife, walks with her severed head in Barabanki, arrested