യു.പിയിൽ ക്ഷേത്രത്തിനുള്ളിൽ കോഴി അവശിഷ്ടങ്ങൾ തള്ളിയ യുവാവ് അറസ്റ്റിൽ
|പ്രതിഷ്ഠയ്ക്ക് മുന്നിലായിരുന്നു ഇയാൾ കോഴിയുടെ അവശിഷ്ടങ്ങൾ കൊണ്ടുവന്ന് ഇട്ടത്.
ലഖ്നൗ: ക്ഷേത്രത്തിനുള്ളിൽ കോഴിയുടെ അവശിഷ്ടങ്ങൾ തള്ളിയ ആൾ അറസ്റ്റിൽ. യുപിയിലെ ഗാസിയാബാദ് ജില്ലയിലെ മഹമൂദ്പൂർ ഗ്രാമത്തിലെ സിദ്ധ ബാബ ക്ഷേത്രത്തിനുള്ളിലാണ് യുവാവ് കോഴിയവശിഷ്ടങ്ങൾ എറിഞ്ഞത്. സംഭവത്തിൽ വീർപാൽ ഗുർജാർ എന്ന യുവാവാണ് പിടിയിലായത്.
സെപ്തംബർ അഞ്ചിന് രാത്രിയായിരുന്നു സംഭവം. ക്ഷേത്രത്തിനുള്ളിൽ പ്രതിഷ്ഠയ്ക്ക് മുന്നിലായിരുന്നു ഇയാൾ കോഴിയുടെ അവശിഷ്ടങ്ങൾ കൊണ്ടുവന്ന് ഇട്ടത്. ക്ഷേത്രം അശുദ്ധമാക്കപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട വിശ്വാസികൾ തിലമോദ് പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും പ്രതിഷേധവുമായി രംഗത്തെത്തുകയും കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് തടിച്ചുകൂടുകയും ചെയ്തു.
ഇതോടെ ഗാസിയാബാദ് പൊലീസ് സംഘം സ്ഥലത്തെത്തുകയും സംഭവത്തിൽ ഉടൻ നടപടിയെടുക്കാമെന്നും പ്രതിയെ പിടികൂടാമെന്നും ഉറപ്പുനൽകുകയും ചെയ്തു. തുടർന്ന് സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വിഷയത്തിൽ, സാമുദായിക തലത്തിലുള്ള തെറ്റിദ്ധാരണയും വ്യാജപ്രചാരണവും പ്രതിരോധിക്കാൻ വിശദീകരണവുമായി പൊലീസ് രംഗത്തെത്തുകയും ചെയ്തു. ക്ഷേത്രത്തിലെത്തി പ്രാർഥിച്ചിട്ടും തൻ്റെ ആഗ്രഹം സഫലമാകാത്തതിൻ്റെ നിരാശയാണ് വീർപാലിൻ്റെ പ്രവൃത്തിക്കു പിന്നിലെന്ന് ഗാസിയാബാദ് ഡിസിപി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
സംഭവത്തിന് പിന്നാലെ തങ്ങൾ ഉടൻ നടപടിയെടുക്കുകയും ഗുർജറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തെന്നും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.