അമ്മയുടെ കാൻസർ ചികിത്സക്ക് പണമില്ല; എ.ടി.എം കുത്തിത്തുറക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ
|അറസ്റ്റിലായതില്‍ പശ്ചാത്താപമില്ലെന്നും യുവാവ് പൊലീസിനോട് പറഞ്ഞു
ഡൽഹി: അമ്മയുടെ കാൻസർ ചികിത്സക്ക് പണം കണ്ടെത്താന്‍ മോഷണത്തിനിറങ്ങിയ മകൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ നവാബ്ഗഞ്ചിൽ കനറാ ബാങ്കിന്റെ എടിഎം ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ പൊലീസ് പിടികൂടിയത്.
അമ്മയുടെ കാൻസർ ചികിൽസയ്ക്കായി പണം ഇല്ലാത്തതിനാലാണ് എ.ടി.എം കുത്തിത്തുറന്നതെന്നും അറസ്റ്റിൽ പശ്ചാത്താപമില്ലെന്നും പിടിയിലായ യുവാവ് പൊലീസിനോട് പറഞ്ഞു. സുഭം എന്ന യുവാവാണ് അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് എ.ടി.എം തകർത്തത്. തുടർന്ന് ബംഗളൂരുവിലെ കാനറ ബാങ്കിന്റെ കൺട്രോൾ റൂം കാൺപൂർ പൊലീസിൽ വിവരമറിയിച്ചു. ഉടൻ തന്നെ നവാബ്ഗഞ്ച് പൊലീസ് സ്ഥലത്തെത്തി സുഭമിനെ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അമ്മയുടെ ചികിത്സക്ക് വേണ്ടിയാണ് മോഷണം നടത്തിയതെന്ന് യുവാവ് സമ്മതിച്ചത്.
ചികിത്സക്കായുള്ള പണമെല്ലാം കഴിഞ്ഞപ്പോൾ യൂട്യൂബിൽ നോക്കിയാണ് എ.ടി.എം മുറിക്കാനുള്ള വഴികൾ പഠിച്ചത്. അറസ്റ്റിലായതിൽ ഖേദമില്ല, എന്നാൽ അമ്മക്ക് ചികിത്സക്ക് പണം കണ്ടെത്താൻ കഴിയാത്തതിന്റെ വിഷമം മാത്രമാണ് തനിക്കുള്ളതെന്നും യുവാവ് പറയുന്നു. അതേസമയം, ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പൊലീസ് അറിയിച്ചു.