യു.പിയിലെ മെഡിക്കൽ വിദ്യാർഥിയുടെ മരണം; പ്രിൻസിപ്പൽ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസ്
|ഫിറോസാബാദിലെ സ്വയംഭരണ കോളജിലെ വിദ്യാർഥിയായ ശൈലേന്ദ്ര ശങ്കറിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു.
ഫിറോസാബാദ്: യു.പിയിൽ ഒന്നാം വർഷ മെഡിക്കൽ വിദ്യാർഥിയുടെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഉൾപ്പെടെ അഞ്ചുപേർക്കെതിരെ കേസെടുത്തു. ഫിറോസാബാദിലെ സ്വയംഭരണ കോളജിലെ വിദ്യാർഥിയായ ശൈലേന്ദ്ര ശങ്കറിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി ജില്ലാ മജിസ്ട്രേറ്റ് രവി രഞ്ജൻ പറഞ്ഞു.
കോളജ് പ്രിൻസിപ്പൽ ഡോ. സംഗീത അനേജ, പരീക്ഷാ കൺട്രോളർ ഗൗരവ് സിങ് എന്നിവർക്കെതിരെ വിദ്യാർഥിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് സർവേശ് കുമാർ മിശ്ര പറഞ്ഞു.
പ്രിൻസിപ്പലിന്റെ നിർദേശപ്രകാരം പരീക്ഷാ കൺട്രോളർ ശൈലേന്ദ്രയെ പരീക്ഷയെഴുതാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തുകയും ജാതി അധിക്ഷേപം നടത്തുകയും ചെയ്തതായി പൊലീസ് സൂപ്രണ്ട് പറഞ്ഞു.
ശനിയാഴ്ച പരീക്ഷയെഴുതാൻ ശൈലേന്ദ്ര എത്താത്തതിനെ തുടർന്ന് കോളജ് ജീവനക്കാർ ഹോസ്റ്റലിൽ എത്തിയെങ്കിലും മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിൽ തകർത്ത് അകത്തുകയറിയപ്പോൾ ശൈലേന്ദ്ര മരിച്ചുകിടിക്കുകയായിരുന്നു. മരണത്തിന് ഉത്തരവാദികളായ പ്രിൻസിപ്പലിനെയും ഹോസ്റ്റൽ വാർഡനെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ ഫിറോസാബാദ് ജില്ലാ ആശുപത്രിക്ക് സമീപം നാല് മണിക്കൂറോളം റോഡ് ഉപരോധിച്ചിരുന്നു.