India
UP minister claims Muslims using Hindu names sell non-veg food to Kanwar Yatris
India

'നോൺ-വെജ് ഭക്ഷണം വിറ്റഴിക്കാൻ മുസ്‍ലിംകൾ കടകൾക്ക് ഹിന്ദു പേരുകൾ നൽകുന്നു'; വിദ്വേഷ വാദവുമായി യു.പി മന്ത്രി

Web Desk
|
19 July 2024 6:14 AM GMT

ജില്ലയിലെ മുസ്‍ലിം വ്യാപാരികൾ ഉൾപ്പടെയുള്ളവർ കടകൾക്ക് മുന്നിൽ തങ്ങളുടെ പേരടങ്ങിയ ബോർഡുകൾ സ്ഥാപിക്കണമെന്ന പൊലീസ് ഉത്തരവിനെ ന്യായീകരിച്ചാണ് മന്ത്രിയുടെ ആരോപണം.

ലഖ്നൗ: നോൺ-വെജ് ഭക്ഷണങ്ങളും ഉൽപ്പന്നങ്ങളും വിറ്റഴിക്കാൻ മുസ്‍ലിംകൾ തങ്ങളുടെ കടകൾക്ക് ഹിന്ദു പേരുകൾ നൽകുന്നതായി യു.പി ബി.ജെ.പി മന്ത്രി. നൈപുണ്യ വികസന- തൊഴിൽ പരിശീലന വകുപ്പ് മന്ത്രിയും മുസാഫർനഗർ എംഎൽഎയുമായ കപിൽ ദേവ് അ​ഗർവാളാണ് വിദ്വേഷ ആരോപണവുമായി രം​ഗത്തെത്തിയത്.

കൻവാർ യാത്രയ്ക്ക് മുന്നോടിയായി മുസ്‍ലിംകൾ ഹിന്ദു പേരുകൾ വച്ച് തീർഥാടകർക്ക് നോൺ വെജിറ്റേറിയൻ ഭക്ഷണങ്ങൾ വിൽക്കുന്നു എന്നാണ് മന്ത്രിയുടെ വാദം. 'അവർ കടകൾക്ക് വൈഷ്ണോ ധാബ ഭണ്ഡാർ, ശകുംബരി ദേവി ഭോജനാലയ, ശുദ്ധ് ഭോജനാലയ തുടങ്ങിയ പേരുകൾ നൽകുകയും നോൺ- വെജ് ഭക്ഷണം വിൽക്കുകയും ചെയ്യുന്നു'- മന്ത്രി ആരോപിച്ചു.

മുസാഫർനഗർ ജില്ലയിലെ മുസ്‍ലിം വ്യാപാരികൾ ഉൾപ്പടെയുള്ള കടയുടമകളും ധാബകളും പഴ വിൽപനക്കാരും ചായക്കടകളും അതാതു സ്ഥാപനങ്ങൾക്ക് മുന്നിൽ ഉടമകളുടെയോ ജീവനക്കാരുടേയോ പേരടങ്ങിയ ബോർഡുകൾ സ്ഥാപിക്കണമെന്ന യു.പി പൊലീസ് നിർദേശത്തിനെതിരെ വിമർശനം ശക്തമായതോടെയാണ് മന്ത്രിയുടെ വിദ്വേഷ പരാമർശം.

നേരത്തെ, കൻവാർ തീർഥാടന യാത്രയുടെ ഒരുക്കങ്ങൾ വിലയിരുത്താൻ ഈ മാസം ആദ്യം ചേർന്ന യോഗത്തിൽ പങ്കെടുത്ത മന്ത്രി, മുസ്‍ലിംകൾ പ്രദേശത്ത് കച്ചവടം നടത്തുന്നതിനോട് തനിക്ക് എതിർപ്പില്ലെങ്കിലും സംഘർഷം ഒഴിവാക്കാനായി തങ്ങളുടെ കടകൾക്ക് ഹിന്ദു ദൈവങ്ങളുടെയോ ദേവതകളുടെയോ പേരിടരുതെന്ന് പറഞ്ഞിരുന്നു. തുടർന്ന്, മന്ത്രിയുടെ നിർദേശപ്രകാരമാണ് ജില്ലാ പൊലീസ് പുതിയ നിർദേശം പുറപ്പെടുവിച്ചത്.

തീർഥാടകർക്കിടയിൽ ആശയക്കുഴപ്പമുണ്ടാകാതിരിക്കാനും ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് ഇത്തരമൊരു നടപടിയെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തിൽ പൊലീസിനും ബിജെപി ഭരണകൂടത്തിനുമെതിരെ പ്രതിഷേധം ശക്തമാവുന്നതിനിടെയാണ് ഇതിനെ ന്യായീകരിച്ച് മന്ത്രി രം​ഗത്തെത്തിയത്.

ഈ ധാബകൾ നടത്തുന്നവരുടെ പേരുകൾ പ്രദർശിപ്പിക്കണമെന്നായിരുന്നു ജില്ലാ ഭരണകൂടത്തോടുള്ള തൻ്റെ ആവശ്യമെന്നും അതിൽ എന്താണ് പ്രശ്നമെന്നും മന്ത്രി ചോദിച്ചു. കഴിഞ്ഞദിവസമാണ് യു.പി പൊലീസ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് മുസ്‍ലിംവിരുദ്ധമാണെന്ന വിമർശനവുമായി പ്രതിപക്ഷം രം​ഗത്തെത്തിയിരുന്നു.

ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം തലവനുമായ അസദുദ്ദീൻ ഒവൈസി ഉത്തർപ്രദേശിൻ്റെ യു.പി പൊലീസ് തീരുമാനത്തെ ദക്ഷിണാഫ്രിക്കയിലെ വർണവിവേചനത്തോടും ജർമനിയിൽ ഹിറ്റ്ലർ ഏർപ്പെടുത്തിയ ജൂത ബഹിഷ്കരണത്തോടും താരതമ്യം ചെയ്തു. ഇത്തരം ഉത്തരവുകൾ സാമൂഹിക കുറ്റകൃത്യങ്ങളാണെന്നും സമാധാന അന്തരീക്ഷം നശിപ്പിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നും സമാജ് വാദി പാർട്ടി അധ്യക്ഷനും കനൗജ് എം.പിയുമായ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.

ജൂലൈ 22 തിങ്കളാഴ്ചയാണ് കൻവാർ യാത്ര ആരംഭിക്കുന്നത്. ഉത്തരാഖണ്ഡുമായി അതിർത്തി പങ്കിടുന്ന മുസാഫർനഗർ ജില്ലയിലൂടെ യു.പി, ഡൽഹി, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് ഭക്തരാണ് ഹരിദ്വാറിലെ ഗംഗയിൽ നിന്ന് പുണ്യജലം ശേഖരിച്ച് കടന്നുപോകുന്നത്.


Similar Posts