![ജില്ലാ പര്യടനത്തിനിടെ യുപി മന്ത്രിയെ എലി കടിച്ചു; ആശുപത്രിയില്‍ ചികിത്സയില്‍ ജില്ലാ പര്യടനത്തിനിടെ യുപി മന്ത്രിയെ എലി കടിച്ചു; ആശുപത്രിയില്‍ ചികിത്സയില്‍](https://www.mediaoneonline.com/h-upload/2022/05/02/1292883-girish-chandra-yadav.webp)
ജില്ലാ പര്യടനത്തിനിടെ യുപി മന്ത്രിയെ എലി കടിച്ചു; ആശുപത്രിയില്‍ ചികിത്സയില്‍
![](/images/authorplaceholder.jpg?type=1&v=2)
മന്ത്രിയുടെ നില തൃപ്തികരമാണെന്നും ഉടന്‍ ആശുപത്രി വിടുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു
ഉത്തര്‍പ്രദേശ്: യുപി മന്ത്രി ഗിരീഷ് ചന്ദ്ര യാദവിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു. എലി കടിച്ചതിനെ തുടര്‍ന്നാണ് അസ്വസ്ഥതയുണ്ടായതെന്നാണ് റിപ്പോര്‍ട്ട്.
യുവജനക്ഷേമ കായിക സഹമന്ത്രിയാണ് യാദവ്. മന്ത്രിയുടെ നില തൃപ്തികരമാണെന്നും ഉടന്‍ ആശുപത്രി വിടുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. താഴേത്തട്ടിൽ ഭരണത്തെക്കുറിച്ചുള്ള അഭിപ്രായം അറിയാൻ ജില്ലകൾ തോറും സന്ദര്‍ശനം നടത്തണമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നിർദേശത്തെ തുടർന്നാണ് യാദവ് ബന്ദ ജില്ലയിൽ എത്തിയത്. ജില്ലയിൽ പര്യടനം നടത്തിയ മന്ത്രി മാവായ് ബൈപ്പാസിലെ സർക്യൂട്ട് ഹൗസിലാണ് താമസിച്ചിരുന്നത്. വനമേഖലയിലാണ് സർക്യൂട്ട് ഹൗസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നായിരിക്കാം എലി കടിച്ചതെന്നാണ് സംശയം.
''തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മന്ത്രിയെ കയ്യില്‍ പ്രാണി കടിച്ചതായി സംശയം തോന്നിയതിനെ തുടർന്ന് ജില്ലാ ആശുപത്രിയിലെ ട്രോമ സെന്‍ററില്‍ പ്രവേശിപ്പിച്ചു. വലതു കൈവിരലില്‍ എലി കടിച്ച പാട് കണ്ടെത്തിയിട്ടുണ്ട്'' ജില്ലാ ആശുപത്രി ചീഫ് മെഡിക്കൽ സൂപ്രണ്ട് ഡോ എസ്.എൻ മിശ്ര പറഞ്ഞു. ഔദ്യോഗിക സന്ദർശന വേളയിൽ മന്ത്രിമാരും ഉദ്യോഗസ്ഥരും ഹോട്ടലുകൾ ഒഴിവാക്കണമെന്നും സർക്കാർ സ്ഥാപനങ്ങളിൽ തങ്ങണമെന്നും മുഖ്യമന്ത്രി അടുത്തിടെ നിർദേശം നൽകിയിരുന്നു.