യു.പിയിൽ മോഷ്ടാവെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ തല്ലിക്കൊന്നു: നാല് പേർ അറസ്റ്റിൽ
|ആൾക്കൂട്ടം യുവാവിനെ വടികളും കമ്പികളും കൊണ്ട് മർദിക്കുകയും ഇതിന് ശേഷം റോഡിലേക്ക് തള്ളിയിടുകയും ചെയ്തു.
ലഖ്നൗ: യു.പിയിൽ മോഷ്ടാവെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഉത്തർപ്രദേശില അലിഗഢ് മാമഭഞ്ച മേഖലയിൽ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. 35കാരനായ മുഹമ്മദ് ഫരീദ് എന്ന ഔറംഗസേബാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ കൊലക്കേസ് ചുമത്തി കേസെടുത്ത പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തതായും മൂന്ന് പേർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും അറിയിച്ചു. എന്നാൽ അറസ്റ്റിലായവരുടെ പേരുവിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയാറായില്ല.
പ്രദേശത്തെ തുണി വ്യാപാരിയായ മുകേഷ് ചന്ദ് മിത്തലിന്റെ വീടിനടുത്തു നിന്നും ഓടിവരികയായിരുന്നു ഫരീദ്. ഇത് മിത്തലിന്റെ മകൻ രോഹിത് കാണുകയും തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് മോഷ്ടാവാണെന്ന് സംശയിച്ച് ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചുകൂട്ടി. തുടർന്ന് വടികളും കമ്പികളും കൊണ്ട് കൂട്ടം ചേർന്ന് മർദിക്കുകയായിരുന്നു. പ്രതികൾ ഫരീദിന്റെ മുഖത്ത് ചവിട്ടുകയും ഇടിക്കുകയും ചെയ്തു.
ക്രൂരമർദനത്തിന് ശേഷം ഇയാളെ റോഡിലേക്ക് തള്ളിയിടുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇതുകണ്ട് സ്ഥലത്തെത്തിയ ഒരു പൊലീസുകാരൻ ഗുരുതരമായ പരിക്കേറ്റ് അബോധാവസ്ഥയിൽ കിടന്ന ഫരീദിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് നാല് പേർ പിടിയിലായത്.
'ചൊവ്വാഴ്‌ച രാത്രി വൈകിയാണ് സംഭവം. എഫ്ഐആറിൽ പേരുള്ള നാല് പേരെ ഞങ്ങൾ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ലഭ്യമായ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ തിരിച്ചറിയാൻ ശ്രമിക്കുകയാണ്. ആരെയും ഒഴിവാക്കില്ല'- അലിഗഢ് സിറ്റി എസ്പി മൃഗാങ്ക് ശേഖർ പഥക് പറഞ്ഞു.
അതേസമയം, ഫരീദിന്റെ മരണത്തിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. എല്ലാ കുറ്റവാളികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമാജ്‌വാദി പാർട്ടിയും ബിഎസ്പിയും പ്രദേശത്ത് ഉപരോധം നടത്തി. എസ്.പി അലിഗഢ് യൂണിറ്റ് അധ്യക്ഷൻ അബ്ദുൽ ഹമീദ്, നേതാവ് അജ്ജു ഇഷ്ഖ്, ബിഎസ്പി നേതാവ് സൽമാൻ ഷാഫിദ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
മുകേഷ് മിത്തലിൻ്റെ വീട്ടിൽ ഫരീദ് അബദ്ധത്തിൽ കയറിയതാണെന്ന് അജ്ജു ഇഷ്ഖ് പറഞ്ഞു. 'യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാരിന് കീഴിൽ ന്യൂനപക്ഷ സമുദായത്തിൻ്റെ ദുരവസ്ഥയാണ് ഈ സംഭവം ഉയർത്തിക്കാട്ടുന്നത്. ഞങ്ങൾ കുത്തിയിരിപ്പ് സമരത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എഫ്ഐആറിൽ പേരുള്ള എല്ലാവരെയും ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കും'- അദ്ദേഹം വ്യക്തമാക്കി.