India
Chandar Shekhar Azad

ചന്ദ്രശേഖര്‍ ആസാദ്

India

അടുത്ത തവണ ചന്ദ്രശേഖര്‍ ആസാദ് രക്ഷപ്പെടില്ല; ഭീം ആര്‍മി നേതാവിനെതിരെ ഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍

Web Desk
|
30 Jun 2023 4:31 AM GMT

'ക്ഷത്രിയ ഓഫ് അമേത്തി' എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.

ലഖ്നോ: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ ഫേസ്ബുക്കില്‍ ഭീഷണി മുഴക്കിയ യുവാവിനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. അമേത്തിയിലെ ഗൗരിഗഞ്ചില്‍ നിന്നുള്ള വിംലേഷ് സിംഗ് എന്ന യുവാവാണ് അറസ്റ്റിലായത്. 'ക്ഷത്രിയ ഓഫ് അമേത്തി' എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് ഇയാള്‍ ഭീഷണിപ്പെടുത്തിയത്.

ആക്രമണത്തിന് അഞ്ച് ദിവസം മുമ്പാണ് സിംഗ് ആസാദുമായി ബന്ധപ്പെട്ട് ആദ്യ പോസ്റ്റ് ഇട്ടതെന്ന് പൊലീസ് പറഞ്ഞു.''പട്ടാപ്പകല്‍, നടുറോഡില്‍ വച്ച് ചന്ദ്രശേഖര്‍ ആസാദ് കൊല്ലപ്പെടും. അമേത്തിയിലെ താക്കൂർമാർ മാത്രമേ അവനെ കൊല്ലുകയുള്ളൂ''എന്നായിരുന്നു പോസ്റ്റില്‍ കുറിച്ചിരുന്നത്. ബുധനാഴ്ച ആസാദിന് നേരെയുണ്ടായ വെടിവെപ്പിന് ശേഷം അതേ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഒരു പോസ്റ്റും നൽകിയിരുന്നു.''ഭീം ആർമി മേധാവി ചന്ദ്രശേഖർ രാവണന് പിറകിൽ വെടിയേറ്റു, അവൻ രക്ഷപ്പെട്ടു, പക്ഷേ ഇനി രക്ഷപ്പെടില്ല'' എന്നായിരുന്നു രണ്ടാമത്തെ പോസ്റ്റ്. അറസ്റ്റിലായ വ്യക്തി ആക്രമണം ആസൂത്രണം ചെയ്തതിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടോ അതോ ഭീഷണിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടതാണോ എന്ന് കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ട്. ആസാദിനെതിരെ വധഭീഷണി മുഴക്കിയ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ പേരിൽ അഞ്ച് ദിവസം മുമ്പ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി അമേത്തി പൊലീസ് സൂപ്രണ്ട് ഡോ. എളമരൻ മാധ്യമങ്ങളോട് പറഞ്ഞു.




ബുധനാഴ്ച ഉത്തര്‍പ്രദേശിലെ സഹാറാന്‍പൂരില്‍ വെച്ചായിരുന്നു ചന്ദ്രശേഖര്‍ ആസാദിനെതിരെ ആക്രമണമുണ്ടായത്. ആസാദിന് നേരെ കാറിലെത്തിയ ഒരു സംഘം വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റെങ്കിലും തലനാരിഴയ്ക്കാണ് ആസാദ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് ആസാദ് ആശുപത്രി വിട്ടത്. അതേസമയം ആസാദിന് നേരേ വെടിയുതിർത്ത കേസിൽ നാലുപേരെ പോലീസ് ചോദ്യം ചെയ്യുകയാണ്. ഇവർ ആക്രമണത്തിന് ഉപയോഗിച്ചതായി കരുതുന്ന കാറും പിടിച്ചെടുത്തു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗിആദിത്യനാഥ് രാജിവയ്ക്കണമെന്ന് ചന്ദ്രശേഖർ ആസാദ് ആവശ്യപ്പെട്ടു. യുപിയിൽ ക്രമസമാധാനം പൂർണമായും തകർന്നു. നിയമവ്യവസ്ഥയെയും പൊലീസിനെയും ഭയമില്ലാതെ ക്രിമിനലുകൾ യുപിയിൽ വിഹരിക്കുകയാണെന്ന് ആസാദ്‌ കുറ്റപ്പെടുത്തി.


Similar Posts