യോഗി ആദിത്യനാഥിന്റെ ഓഫീസിലെ ഐഎഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ ആൾ അറസ്റ്റിൽ
|ഇയാൾ മുമ്പ് സഹാറൻപൂരിൽ വിവാഹവാഗ്ദാനം നൽകി ഒരു യുവതിയെ ബലാത്സംഗം ചെയ്ത കേസിലും പ്രതിയാണ്.
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിലെ ഐഎഎസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ ആൾ അറസ്റ്റിൽ. ആഗ്ര സ്വദേശിയായ പങ്കജ് ഗുപ്തയാണ് പിടിയിലായത്. ടെൻഡറുകൾ പാസാക്കാൻ സഹായിക്കാമെന്നും ജോലി ശരിയാക്കി നൽകാമെന്നും വാഗ്ദാനം ചെയ്താണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.
ടെൻഡർ ശരിയാക്കാമെന്ന് പറഞ്ഞ് പങ്കജ് തന്നിൽ നിന്ന് 14 ലക്ഷം തട്ടിയെന്നു കാട്ടി നേഹ ബല്യാൻ എന്ന യുവതി നൽകിയ പരാതിയിലാണ് പങ്കജിനെ അറസ്റ്റ് ചെയ്തത്. താജ്ഗഞ്ച് പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. ടെൻഡർ ശരിയാക്കാൻ പങ്കജ് തന്നിൽ നിന്ന് 14 ലക്ഷം രൂപ വാങ്ങിയെന്നും എന്നാൽ അത് പാസായില്ലെന്നും താൻ വഞ്ചിക്കപ്പെടുകയായിരുന്നെന്നും പരാതിയിൽ പറയുന്നു.
കഴിഞ്ഞ 20 വർഷമായി പരിചയമുള്ള നീതു റാണയുടെ സഹായത്തോടെയാണ് നേഹ പങ്കജുമായി ബന്ധപ്പെടുന്നത്. സർക്കാർ ടെൻഡറിൽ പങ്കെടുക്കാനുള്ള ആഗ്രഹം നേഹ അറിയിച്ചതിനെ തുടർന്നാണ് നീതു പങ്കജുമായി കൂടിക്കാഴ്ച തരപ്പെടുത്തിയത്.
ടെൻഡർ ലഭിക്കാൻ 14 ലക്ഷം രൂപ ചെലവ് വരുമെന്ന് പങ്കജ് നേഹയെ അറിയിച്ചു. നേഹ ആദ്യം ആറ് ലക്ഷം രൂപ പണമായും നാല് ലക്ഷം രൂപയുടെ രണ്ട് ചെക്കുകളും നൽകി. എന്നാൽ പിന്നീട് പ്രതിയിൽ നിന്ന് പ്രതികരണം ലഭിക്കാത്തതിനാൽ പണം നൽകൽ നിർത്തുകയായിരുന്നു. തുടർന്നാണ് പരാതി നൽകിയത്. യുവതിയുടെ പരാതിയിൽ നീതുവിനും പങ്കജിനുമെതിരെ പൊലീസ് കേസെടുത്തു.
രണ്ട് ആധാർ കാർഡുകൾ, രണ്ട് പാൻ കാർഡുകൾ, വ്യാജ തിരിച്ചറിയൽ കാർഡുകൾ എന്നിവയുമായാണ് പ്രതി പിടിയിലായത്. കൈയിലുണ്ടായിരുന്ന ഒരു ഐഡി കാർഡിൽ പിഡബ്ല്യുഡി സെക്രട്ടറിയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇയാൾ മുമ്പ് സഹാറൻപൂരിൽ വിവാഹവാഗ്ദാനം നൽകി ഒരു സ്ത്രീയെ കെണിയിൽ വീഴ്ത്തിയിരുന്നതായും അബോധാവസ്ഥയിലായിരുന്ന യുവതിയെ ഇയാൾ ബലാത്സംഗം ചെയ്തതായും താജ്ഗഞ്ച് എസ്.എച്ച്.ഒ ബഹാദൂർ സിങ് പറയുന്നു.
അന്നത്തെ കേസിൽ സഹരൻപൂരിലെ സദർ പൊലീസ് ഇയാൾക്കെതിരെ കേസെടുക്കുകയും ജയിലിലാവുകയും ചെയ്തിരുന്നു. കൂടാതെ ഐപിസി 420 (വഞ്ചന) വകുപ്പ് പ്രകാരം കാൺപൂർ സ്റ്റേഷനിലും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.