യു.പി തെരഞ്ഞെടുപ്പ്: കാൺപൂരിൽ വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടന്നതായി പരാതി
|സ്ട്രോങ് റൂമിൽ അജ്ഞാതർ കടന്നതായി എസ്.പി. സ്ഥാനാർഥി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
കാൺപൂർ സിറ്റിയിലെ ഗല്ലാ മണ്ടിയിൽ സൂക്ഷിച്ചിരിക്കുന്ന ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) അജ്ഞാതർ കൃത്രിമം കാണിച്ചെന്നാരോപിച്ച് സമാജ് വാദി പാർട്ടി സ്ഥാനാർഥിരചന സിംഗ് പരാതിനല്കി. ഉത്തർപ്രദേശിലെ ബിൽഹൗർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർഥിയായ രചന സി.സി.ടി.വി ദൃശ്യങ്ങളോടെയാണ് പരാതി നൽകിയത്. ഒരാൾ ഇടക്കിടെ വോട്ടിങ് മെഷീൻ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്റൂമിനുള്ളിൽ പോകുന്നതും പുറത്തേക്ക് വരുന്നതും സി.സി.ടി.വി ദൃശ്യങ്ങളില് കാണാമായിരുന്നു.
ഫെബ്രുവരി 20 നാണ് കാൺപൂരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഇതിനുശേഷം വോട്ടെണ്ണലിനായി ഇ.വി.എമ്മുകൾ ഗല്ലാ മണ്ടിയിലെ സ്ട്രോംഗ്റൂമിലായിരുന്നു സൂക്ഷിച്ചിരിക്കുന്നത്. ഭരണകൂടത്തിന്റെ അറിവോടെയാണ് ഇത് നടന്നിരിക്കുന്നതെന്നും രചന സിംഗ് ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗനിർദേശമനുസരിച്ച് ജില്ലവരണാധികാരിക്ക് പോലും സ്ട്രോങ്റൂമിന് സമീപം പോകാൻ അനുവദിക്കുന്നില്ലെന്നും ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ ഗൗരവമായി കാണണമെന്നും നടപടിയെടുക്കണമെന്നും എസ്.പി സ്ഥാനാർഥി പരാതിയിൽ പറഞ്ഞു.
എന്നാൽ ഈ വിഷയത്തിൽ വിശദീകരണവുമായി കാൺപൂരിലെ ജില്ലവരാണാധികാരി രംഗത്തെത്തി. 'മാർച്ച് ഒന്നിന് രണ്ട് പേർ ബിൽഹൗർ സ്ട്രോംഗ് റൂമിന്റെ പുറം ഭിത്തിയിലൂടെ അകത്തേക്ക് കയറാൻ ശ്രമിക്കുകയും അവരെ സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ പിടികൂടി ചോദ്യം ചെയ്യാൻ ലോക്കൽ പൊലീസിന് കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് ' അദ്ദേഹം പറഞ്ഞു. ഈ സംഭവത്തിന്റെ സ്ക്രീൻഷോട്ടാണ് എസ്പി സ്ഥാനാർഥി സ്ട്രോങ്റൂമിൽ ആരോ പ്രവേശിച്ചുവെന്ന് ആരോപിച്ച് പങ്കുവെച്ചതെന്നും അധികൃതർ അവകാശപ്പെട്ടു. ആരും സ്ട്രോങ് റൂമിൽ കയറി ഇവിഎമ്മിൽ കൃത്രിമം കാണിച്ചിട്ടില്ലെന്നും എസ്പി സ്ഥാനാർത്ഥിയുടെ പരാതി തെറ്റും അടിസ്ഥാനരഹിതവുമാണ്'' എന്നും പ്രാദേശിക അധികാരികൾ പറഞ്ഞു.
യു.പിയിൽ ആറാംഘട്ടതെരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണ്. അവസാന ഘട്ട തെരഞ്ഞെടുപ്പ് ഈ മാസം ഏഴിന് നടക്കും. മാർച്ച് 10നാണ് ഉത്തർപ്രദേശ് അടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ഫലം പുറത്ത് വരുന്നത്.