സഹപാഠികളെകൊണ്ട് വിദ്യാർഥിയുടെ മുഖത്തടിപ്പിച്ച കേസ്; തുഷാർ ഗാന്ധിയുടെ ഹരജിയിൽ സുപ്രീംകോടതി നോട്ടീസ്
|സംഭവത്തിൽ ഇരയാക്കപ്പെട്ട കുട്ടിയെ സംരക്ഷിക്കാൻ പൊലീസ് സ്വീകരിച്ച നടപടികളെ കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
ഡൽഹി: ഉത്തർപ്രദേശിൽ അധ്യാപിക മുസ്ലിം വിദ്യാർഥിയെ സഹപാഠികളെ കൊണ്ട് തല്ലിച്ച സംഭവത്തിൽ തുഷാർ ഗാന്ധി സമർപ്പിച്ച ഹരജിയിൽ സുപ്രീംകോടതി നോട്ടീസ്. അന്വേഷണ പുരോഗതി അറിയിക്കാൻ മുസഫർ നഗർ എസ്പിക്ക് സുപ്രിം കോടതി നിർദേശം നൽകി. സെപ്തംബർ 25 ന് മുൻപ് മറുപടി നൽകാനാണ് നിർദേശം. കൂടാതെ സംഭവത്തിൽ ഇരയാക്കപ്പെട്ട കുട്ടിയെ സംരക്ഷിക്കാൻ പൊലീസ് സ്വീകരിച്ച നടപടികളെ കുറിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ 24നാണ് നേഹ പബ്ലിക് സ്കൂളിലെ ക്ലാസ് മുറിയിൽ മുസ്ലിം വിദ്യാർഥിയെ എഴുന്നേൽപിച്ച് നിർത്തി മറ്റു വിദ്യാർഥികളെ കൊണ്ട് അധ്യാപിക കുട്ടിയുടെ മുഖത്ത് അടിപ്പിച്ചത്. സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിച്ചതോടെ അധ്യാപികക്കെതിരെ നടപടിയാവശ്യപ്പെട്ട് വ്യാപക പ്രതിഷേധമുയർന്നിരുന്നു. എന്നാൽ കേസെടുത്തിട്ടും അധ്യാപികയുടെ ചോദ്യം ചെയ്യൽ അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടന്നട്ടില്ല. സംഭവത്തിൽ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ബോധപൂർവമുള്ള മർദനം (323), മനഃപൂർവമുള്ള അപമാനം (504) എന്നീ വകുപ്പുകൾ ചുമത്തിയാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.