വിവാഹ ആഘോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ 18കാരി കുഴഞ്ഞുവീണ് മരിച്ചു
|വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങ് നടക്കുന്നതിനിടെയാണ് സംഭവം.
ലഖ്നൗ: ഉത്തർപ്രദേശിൽ വിവാഹ ആഘോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ 18കാരി കുഴഞ്ഞുവീണ് മരിച്ചു. മീററ്റ് സ്വദേശിനി റിംഷയാണ് മരിച്ചത്. അമ്മയുടെ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു യുവതി. ശനിയാഴ്ച വധുവിൻ്റെ വീട്ടിൽ വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങ് നടക്കുന്നതിനിടെയാണ് സംഭവം.
സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയകളിൽ പ്രചരിക്കുന്നുണ്ട്. കുടുംബാംഗങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ വേദനയെ തുടർന്ന് റിംഷ നെഞ്ചിൽ കൈവയ്ക്കുകയും വീഴാതിരിക്കാൻ തൊട്ടടുത്ത് നൃത്തം ചെയ്യുന്ന ആൺകുട്ടിയുടെ കൈയിൽ പിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. എന്നാൽ പൊടുന്നനെ കുഴഞ്ഞുവീഴുകയായിരുന്നു.
ബന്ധുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം. വിവാഹ ചടങ്ങിന് രണ്ട് ദിവസം മുമ്പാണ് കുടുംബത്തെ തേടി ദുരന്തമെത്തിയത്. റിംഷയുടെ മരണത്തെ തുടർന്ന് വിവാഹം മാറ്റിവച്ചു.
നേരത്തെ, രാജസ്ഥാനിലെ ബര്‍മറില്‍ നടന്ന വിവാഹ ആഘോഷത്തിനിടെയും സമാനമായി ഒരു യുവാവ് കുഴഞ്ഞുവീണ് മരിച്ചിരുന്നു. യുവാവ് വീണെങ്കിലും കാഴ്‌ച്ചക്കാരും ഒപ്പം നൃത്തം ചെയ്‌ത പെണ്‍കുട്ടിയും ആദ്യമൊന്നും ഗൗരവമായെടുത്തില്ല. പെണ്‍കുട്ടി നൃത്തം തുടരുകയും ചെയ്‌തു.
അല്‍പ സമയം കഴിഞ്ഞിട്ടും യുവാവ് എഴുന്നേല്‍ക്കാത്തതു കണ്ട് പെണ്‍കുട്ടി കൈ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നാൽ എഴുന്നേൽക്കാതായതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
ഗുജറാത്തിൽ ഗർബ നൃത്തം പരിശീലിക്കുന്നതിനിടെ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു. സൂറത്ത് സ്വദേശിയായ 26കാരൻ രാജ് ധർമേഷ് മോദിയാണ് മരിച്ചത്. ഇവിടുത്തെ കമ്യൂണിറ്റി ഹാളിൽ ഗർബ പരിശീലിക്കുന്നതിനിടെ യുവാവിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.