ആവശ്യത്തിന് പണം നല്കിയില്ല; പിതാവിനെ കൊല്ലാൻ ഷൂട്ടർമാരെ ഏർപ്പാടാക്കി 16-കാരൻ
|വ്യാഴാഴ്ചയാണ് ബിസിനസുകാരനായ മുഹമ്മദ് നയീം വെടിയേറ്റ് മരിച്ചത്
പ്രതാപ്ഗഡ് (യുപി): പിതാവിനെ കൊല്ലാൻ മൂന്ന് ഷൂട്ടർമാരെ ഏർപ്പാടാക്കിയ 16 കാരൻ പിടിയിൽ. ഉത്തർ പ്രദേശിലാണ് സംഭവം നടന്നത്. വ്യാഴാഴ്ചയാണ് ബിസിനസുകാരനായ മുഹമ്മദ് നയീം (50) അക്രമികളുടെ വെടിയേറ്റ് മരിച്ചത്. ബൈക്കിലെത്തിയവർ നയീമിനെ വെടിവെച്ച് വീഴ്ത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു.
ഷൂട്ടർമാരായ പിയൂഷ് പാൽ, ശുഭം സോണി, പ്രിയാൻഷു എന്നിവരെ അറസ്റ്റ് ചെയ്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് ദുർഗേഷ് കുമാർ സിംഗ് പറഞ്ഞു. ചോദ്യം ചെയ്തപ്പോഴാണ് നയീമിനെ കൊല്ലാൻ അദ്ദേഹത്തിന്റെ മകൻ തന്നെയാണ് ക്വട്ടേഷൻ നൽകിയതെന്ന് പ്രതികൾ പൊലീസിനെ അറിയിച്ചത്. തുടർന്ന് മകനെ ചോദ്യം ചെയ്തപ്പോൾ താനാണ് പിതാവിനെ കൊല്ലാൻ കൊലയാളികളെ വാടകക്ക് എടുത്തതെന്നും ആറ് ലക്ഷം രൂപ പ്രതിഫലം നൽകാമെന്ന് വാഗ്ദാനം ചെയ്തതായും സമ്മതിച്ചു.
പിതാവിനെ കൊന്നാൽ ബാക്കി തുക നൽകാമെന്ന ഉറപ്പിൽ ഒന്നര ലക്ഷം രൂപ അഡ്വാൻസ് നൽകുകയും ചെയ്തായി പൊലീസ് പറയുന്നു. ആവശ്യത്തിന് പണം നൽകാത്തതാണ് പിതാവിനെ കൊല്ലാൻ കാരണമെന്ന് പൊലീസ് പറയുന്നു. തന്റെ ആവശ്യങ്ങൾക്ക് പണം ലഭിക്കാത്തതിനെ തുടർന്ന് പിതാവിന്റെ കടയിൽ നിന്ന് പണവും വീട്ടിൽ നിന്ന് ആഭരണങ്ങളും മോഷ്ടിച്ചിട്ടുണ്ടെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്. പിതാവിനെ കൊല്ലാൻ മുമ്പ് പദ്ധതിയിട്ടിരുന്നുവെങ്കിലും അത് പരാജയപ്പെടുകയായിരുന്നു. 16 കാരനെ ജുവനൈൽ ഹോമിലാക്കി. കൊലയാളികളെ ജയിലിലാക്കുകയും ചെയ്തു.